കൊല്ലം > നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കൊല്ലത്ത് എത്തിയ രാഹുൽഗാന്ധി എംപി താമസിച്ച ഹോട്ടൽ മുറിയുടെ വാടക അടക്കാത്ത വിഷയത്തിൽ എഐസിസി ഇടപെട്ടു. മാധ്യമവാർത്തകളെത്തുടർന്ന് കൊല്ലം ജില്ലയിൽനിന്നുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നേതാക്കളും പ്രവർത്തകരും ഇക്കാര്യം കേന്ദ്രനേത്യത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇതോടെയാണ് അടിയന്തിര ഇടപെടലുണ്ടായത്.
സമൂഹമാധ്യമങ്ങളിലും വിഷയം ചര്ച്ചയായി. ഇതോടെ സാമ്പത്തിക ഇടപാടുകൾ സെറ്റിൽചെയ്തു കഴിഞ്ഞതായി ശനിയാഴ്ച ഉച്ചയ്ക്ക് കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിന്റെ ജനറൽമാനേജറുടെ അറിയിപ്പ് വന്നു. എന്നാൽ പണം അടച്ച ബിൽ ഇല്ലാതെയും തീയതി വയ്ക്കാതെയുമുള്ള ലെറ്റര്പാഡാണ് പുറത്തുവന്നത്. ഇതിനിടെ തീയതി വയ്ക്കാത്ത ലെറ്റര്പാഡ് ചോദ്യം ചെയ്തും എഫ്ബി പോസ്റ്റിറങ്ങി. മാധ്യമങ്ങളിൽ വന്ന വാർത്തക്കെതിരെ ഡിസിസി പ്രസിഡന്റു ബിന്ദുക്യഷ്ണ സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രചാരണവും കോണ്ഗ്രസിന് തിരിച്ചടിയായി.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമുള്ള പ്രചാരണത്തിന് രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും ജില്ലകൾ സന്ദർശിച്ചതിന്റെ ചെലവ് കെപിസിസി നൽകിയിരുന്നതായി കെപിസിസി ട്രഷറർ കെ കെ കൊച്ചുമുഹമ്മദ് ദേശാഭിമാനിയോട് പറഞ്ഞു. കൊല്ലം ജില്ലയിൽ പ്രിയങ്കഗാന്ധി സന്ദർശനം നടത്തിയതിന് 12 ലക്ഷം രൂപ നൽകിയിട്ടുണ്ട്. ദേശീയനേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തീയതി തീരുമാനിച്ചതിന് മുൻപായിരുന്നതിനാൽ രാഹുൽഗാന്ധിയുടെ കൊല്ലം സന്ദർശനത്തിന് കെപിസിസി പണം നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് ചെലവിന് എല്ലാ ഡിസിസികൾക്കും കെപിസിസി അഞ്ചു ലക്ഷം രൂപവീതം നൽകിയിട്ടുണ്ടെന്നും കൊച്ചുമുഹമ്മദ് പറഞ്ഞു.
കൊല്ലം ബീച്ച് റിസോർട്ടിലെ സ്യൂട്ടിൽ ഫെബ്രുവരി 24 നാണ് രാഹുൽഗാന്ധി താമസിച്ചത്. രാഹുൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വാടകയ്ക്കെടുത്ത ബോട്ടിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ ചാടിയത് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
ഹോട്ടൽവാടക നൽകാത്തതിനെക്കുറിച്ച് കോൺഗ്രസ് മൈനോറിറ്റി സെൽ ജില്ലാ സെക്രട്ടറി മുഹമ്മദ് മുബാറക്ക് മുസ്തഫ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ശനിയാഴ്ച ഹോട്ടൽ ജനറൽ മാനേജർ നൽകിയ കത്ത് ഡിസിസി പുറത്തുവിട്ടശേഷം ”എല്ലാവർക്കും കാര്യം മനസിലായെന്നും പൊട്ടൻമാരാണോ കൂടെയുണ്ടായിരുന്നതെന്നും” മുബാറക്ക് വീണ്ടും പോസ്റ്റിട്ടു.