മനാമ > യുഎഇയടക്കം 11 രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് സൗദി പിന്വലിച്ചു. എന്നാല്, ഇന്ത്യയടക്കം ഒന്പത് രാജ്യങ്ങളിലെ വിമാനങ്ങള്ക്കുള്ള നിരോധനം തുടരും.
ഞായറാഴ്ച പുലര്ച്ചെ ഒന്നുമുതല് 11 രാജ്യങ്ങളിലെ വിമാനങ്ങള്ക്ക് വിലക്ക് ഉണ്ടാകില്ലെന്ന് ശനിയാഴ്ച പകലാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഈ രാജ്യങ്ങളില് കോവിഡ് കേസുകള് കുറഞ്ഞതാണ് കാരണം. ഇവിടെ നിന്നുള്ള യാത്രക്കാര്ക്ക് ഏഴു ദിവസത്തെ ഹോട്ടല് ക്വാറന്റയ്ന് നിര്ബന്ധമാണ്. യുഎഇക്കുപുറമേ, അമേരിക്ക, ബ്രിട്ടന്, ഫ്രാന്സ്, ജര്മ്മനി, ഇറ്റലി, സ്വീഡന്, പോര്ച്ചുഗല്, സ്വിറ്റ്സര്ലാന്ഡ്, അയര്ലാന്ഡ്, ജപ്പാന് എന്നീ രാജ്യങ്ങള്ക്കാണ് വിമാന വിലക്ക് നീങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയുള്പ്പെടെ 20 രാജ്യങ്ങളില്നിന്നുള്ള വിമാനങ്ങള്ക്ക് സൗദി വിലക്കുമേര്പ്പെടുത്തിയത്. യുഎഇയിലേക്ക് വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യന് പ്രവാസികള്ക്ക് യുഎഇ വഴി വരാനാകില്ല. ഇന്ത്യയില് നിന്നുള്ള വിമാന വിലക്ക് യുഎഇ തുടരുന്നതാണ് കാരണം. വിലക്കേര്പ്പെടുത്തിയ രാജ്യങ്ങളില് നിന്നുള്ള പ്രവാസികള്ക്ക് സൗദിയിലേക്ക് വരണമെങ്കില് വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം ക്വാറന്റയ്നില് കഴിയണമെന്നാണ് സൗദി നിബന്ധന.
യുഎഇയും വിലക്കിയതിനെതുടര്ന്ന ബഹ്റൈന് വഴിയായിരുന്നു മലയാളികള് അടക്കമുള്ള പ്രവാസികള് സൗദിയിലേക്ക് പോയിരുന്നത്. എന്നാല്, സന്ദര്ശക വിസക്ക് ബഹ്റൈന് വിലക്ക് ഏര്പ്പെടുത്തിയതോടെ ആ വഴിയും അടഞ്ഞു. സൗദിയിലേക്ക് പോകാനെത്തിയ ആയിരത്തോളം മലയാളികള് ഉള്പ്പെടെ ഇന്ത്യക്കാര് ബഹ്റൈനില് കുടുങ്ങിയിരുന്നു. കരമാര്ഗം സൗദിയില് പ്രവേശിക്കണമെങ്കില് സൗദി അംഗീകരിച്ച വാക്സിന് എടുത്തവരായിരിക്കണമെന്നാണ് നിബന്ധന. വിമാന മാര്ഗം പോകണമെങ്കില് ഇനിയും വലിയ തോതില് പണം ചെലവഴിക്കണം. ഇതില് 300 ഓളം പേര് വിമാന മാര്ഗ്ഗം സൗദിയില് എത്തിയതായി ഇന്ത്യന് അംബാസഡര് പിയൂശ് ശ്രീവാസ്ത അറിയിച്ചു.