തൃശൂർ > തെരഞ്ഞെടുപ്പ് ഫണ്ടായെത്തിച്ച കുഴൽപ്പണം കവർന്നകേസിൽ ഡിജിറ്റൽ തെളിവുകളുമായി ബിജെപി ഉന്നതനേതാക്കളെ വീണ്ടും ചോദ്യംചെയ്യും. മൊബൈൽ റെക്കോർഡുകളും സിസിടിവി ദൃശ്യങ്ങളുമുൾപ്പെടെയാണ് ഇനിയുള്ള ചോദ്യം ചെയ്യൽ. ഇതുവരെ ചോദ്യം ചെയ്തവരുടെ മൊഴികളിൽ ഞായറാഴ്ച പരിശോധന നടക്കും.
പണം കടത്താൻ ഇടനിലക്കാരായ ആർഎസ്എസ് പ്രവർത്തകൻ ധർമരാജ്, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരുടെ മൊഴികളാണ് അന്വേഷകസംഘം ഞായറാഴ്ച പരിശോധിക്കുക. കവർച്ചയ്ക്ക് തൊട്ടു മുമ്പും സമീപ ദിവസങ്ങളിലുമായി നേതാക്കൾ തമ്മിൽ ബന്ധപ്പെട്ടിരുന്നതും ധർമരാജനുമായി ബന്ധപ്പെട്ടിരുന്നതിന്റെയും തെളിവുകൾ അന്വേഷക സംഘത്തിന് ലഭിച്ചു. ഇവരെ വീണ്ടും വിളിപ്പിക്കും. പ്രതികളിൽ ചിലരെയും ഈ ആഴ്ച ചോദ്യം ചെയ്തേക്കും.