തൃശൂർ
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൊണ്ടുവന്ന കുഴൽപ്പണം ബിജെപി നേതാക്കൾതന്നെ കവർന്നകേസിൽ അന്വേഷകസംഘം ചോദ്യംചെയ്ത എം ഗണേഷ് മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ വിശ്വസ്തൻ. ഗണേഷിനെ ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയാക്കിയതും കുമ്മനമാണ്. സംസ്ഥാന പ്രസിഡന്റായപ്പോൾ അന്നത്തെ സംഘടനാ സെക്രട്ടറിമാരായ കെ ഉമാകാന്തൻ, കെ സുഭാഷ് എന്നിവരുമായി കുമ്മനത്തിന് അഭിപ്രായ വ്യത്യാസമുണ്ടായി. ഇതേത്തുടർന്ന് കുമ്മനത്തിന്റെ ആവശ്യപ്രകാരമാണ് ഗണേഷ് ഈ പദവിയിലെത്തിയത്.
കാഞ്ഞങ്ങാട് ആർഎസ്എസ് പ്രചാരകനായാണ് ഗണേഷിന്റെ തുടക്കം. പാലക്കാട് ജില്ലാ പ്രചാരകനായിരിക്കെ ആരോപണം നേരിട്ടതോടെ പൊതുപ്രവർത്തനത്തിൽനിന്ന് ഒഴിവാക്കി ആർഎസ്എസ് സംസ്ഥാന ഓഫീസിൽ ഓഫീസ് സെക്രട്ടറിയാക്കി മാറ്റിനിർത്തി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ പാർടി ഫണ്ട് കൈകാര്യം ചെയ്യുന്നത് ഗണേഷാണ്. നരേന്ദ്രമോഡിയടക്കം പങ്കെടുത്ത, കോഴിക്കോട്ടു നടന്ന നാഷണൽ കൗൺസിൽ യോഗം, ലോക്സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ, കുമ്മനത്തിന്റെയും സുരേന്ദ്രന്റെയും സംസ്ഥാന യാത്രകൾ എന്നിവയുടെ മുഴുവൻ ഫണ്ടുകളും കൈകാര്യംചെയ്തത് ഗണേഷായിരുന്നു.
2016ലും പാർടിയുടെ 1.60 കോടി രൂപ സേലത്തുവച്ച് ഇതുപോലെ കവർന്നിരുന്നു. എന്നാൽ പരാതിപ്പെടാൻ പാർടി നേതൃത്വം തയ്യാറായില്ല. ഇതേക്കുറിച്ചും ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കുന്നുണ്ട്.
കുഴൽപ്പണക്കവർച്ച: പ്രതിയുടെ അമ്മ
സ്വർണം ഹാജരാക്കി
തെരഞ്ഞെടുപ്പ് ഫണ്ടായി ബിജെപിയെത്തിച്ച കുഴൽപ്പണം കവർച്ചചെയ്ത് വാങ്ങിയ സ്വർണം പ്രതിയുടെ അമ്മ ഹാജരാക്കി. 110 ഗ്രാം സ്വർണമാണ് ഹാജരാക്കിയത്. മുഖ്യപ്രതി മാർട്ടിന്റെ അമ്മയാണ് സ്വർണം അന്വേഷണസംഘത്തിനു കൈമാറിയത്. ആറാം പ്രതി മാർട്ടിന്റെ വെള്ളാങ്കല്ലൂരിലെ വീട്ടിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും പത്തര ലക്ഷത്തിന്റെ ഇടപാട് രേഖകളും കണ്ടെടുത്തിരുന്നു.