തിരുവനന്തപുരം
നവകേരള സമൂഹത്തിലെ എല്ലാവർക്കും പുരോഗതിയുടെ തുല്യാവകാശം ലഭ്യമാക്കുമെന്ന ഉറപ്പുമായി എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയിലെ ആദ്യ നയപ്രഖ്യാപനം. വികസനക്ഷേമ പദ്ധതികളിലൂടെ അസമത്വം ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. മുൻ സർക്കാരിന്റെ ക്ഷേമ–-വികസന പരിപാടികൾ ഈ സർക്കാർ തുടരും. സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലയിലും സംസ്ഥാനത്തെ ബഹുദൂരം പുരോഗതിയിലേക്ക് നയിക്കും. സാമ്പത്തികവളർച്ചയുടെ ഗുണഫലങ്ങൾ ലഭിക്കാത്ത ഒരാൾപോലുമുണ്ടാകില്ലെന്ന് തന്റെ സർക്കാർ ഉറപ്പാക്കുമെന്ന് ഗവർണർ പ്രഖ്യാപിച്ചു.
കഴിഞ്ഞ സർക്കാരിന്റെ അധികാരത്തുടർച്ച അസാധാരണ ജനവിധിയാണ്. ജനാധിപത്യത്തിലും മതേതരത്വത്തിലും ജനക്ഷേമത്തിലും അചഞ്ചലമായ വിശ്വാസം ഈ സർക്കാരിനെയും മുന്നോട്ട് നയിക്കുന്നു. വകുപ്പുകളുടെ കാര്യക്ഷമവും ഏകോപിതവുമായ പ്രവർത്തനം കോവിഡ് മഹാമാരിയിൽ സംസ്ഥാനത്ത് മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുന്നു. പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ തുടങ്ങിയതായും ഗവർണർ പറഞ്ഞു. എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കൽ, സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശം, സഹകരണമേഖലയിലെ നയങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രനിലപാടുകളെ കുറ്റപ്പെടുത്താനും ഗവർണർ മടിച്ചില്ല.
പ്രധാന പ്രഖ്യാപനങ്ങൾ
● എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യം
● അർഹരായ എല്ലാവർക്കും പട്ടയം , ഇതിനായി 1000 കോടി രൂപ കണ്ടെത്തും
● സംസ്ഥാനത്തെ വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കും
● അഞ്ചുവർഷത്തിൽ 20 ലക്ഷം പേർക്കെങ്കിലും പുതുതായി തൊഴിൽ
● കെഎസ്ആർടിസിയിൽ റീ സ്ട്രക്ചർ 2.0
● കൊച്ചി–-പാലക്കാട് വ്യവസായ ഇടനാഴി
● ഡിജിറ്റൽ സമ്പദ്വ്യവസ്ഥയ്ക്കും ഉന്നത വിദ്യാഭ്യാസത്തിനും ഊന്നൽ
● കെ ഫോൺ പദ്ധതി പൂർത്തീകരിക്കും
● പാവപ്പെട്ടവർക്കെല്ലാം സൗജന്യ ഇന്റർനെറ്റ് സൗകര്യം
● പൊതു വൈഫൈ സ്പോട്ടുകൾ വ്യാപിപ്പിക്കും
● അർധ അതിവേഗ യാത്രാസൗകര്യം സാധ്യമാക്കും
● മൂലധനച്ചെലവ് വർധിപ്പിക്കും
● യുവസംരംഭകർക്കായി 25 സഹകരണ സംഘം
● സംസ്ഥാന നെല്ല് സഹകരണ സംഘവും രണ്ട് ആധുനിക റൈസ് മില്ലും
● കൃഷിഭവനുകൾ സ്മാർട്ടാകും
● വൈദ്യുതി വാങ്ങൽ കരാറുകളിൽ പുനഃപരിശോധന
● ദരിദ്രരിൽ ദരിദ്രർക്ക് മിതമായ നിരക്കിൽ വൈദ്യുതി
● ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കൽ വർഷപാതിയിൽ പൂർത്തീകരിക്കും
● കേരള ബാങ്ക് കേരളത്തിന്റെ അത്താണിയാക്കും
● അഞ്ചുവർഷത്തിൽ കർഷകവരുമാനം 50 ശതമാനം ഉയർത്തും
● അഞ്ചുവർഷത്തിൽ പച്ചക്കറിയിൽ സ്വയംപര്യാപ്തത
● ബെയ്സ് പ്രൈസ് പ്രോഗ്രാമിൽ വിളകളുടെ വിലയിൽ വർഷാവർഷം വർധന
● നെൽക്കൃഷി വ്യാപനത്തിന് ബ്ലോക്കുതല മേൽനോട്ട സമിതി
● പിന്നോക്കവിഭാഗ വികസന കോർപറേഷനെ ശക്തിപ്പെടുത്തും
● പശ്ചിമ ദേശീയ ജലപാതയുടെ വികസനത്തിന് മൂന്നാംഘട്ടം
● കലാകാരന്മാർക്കായി സഹകരണ സംഘം
● കോപ്–-മാർട്ട് പദ്ധതിയിൽ സഹകരണ ഉൽപ്പന്ന വിപണനത്തിന് ഇ –-പ്ലാറ്റ്ഫോം
● കളമശേരിയിൽ ടെക്നോളജി ഇന്നൊവേഷൻ സോൺ
● കണ്ണൂരിൽ വില്ലേജ് നോളജ് സെന്റർ
● കളമശേരിയിൽ രാജ്യത്തെ വലിയ ഹാർഡ്വെയർ ഇക്കോ സിസ്റ്റം
● ഇ ഗവേണൻസിന് മലയാള ഭാഷാ ഗവേഷണകേന്ദ്രം
● താമസത്തിനുള്ള കെട്ടിടങ്ങൾ തീരപരിപാലന മേഖലാ ക്ലിയറൻസ് അപേക്ഷയ്ക്ക് ഓൺലൈൻ
● ലഹരിമുക്ത സ്കൂളുകൾക്കായി ഉണർവ് പദ്ധതി
● പുനർഗേഹം പദ്ധതി ത്വരിതപ്പെടുത്തും
● ഉൾനാടൻ മത്സ്യോൽപ്പാദനം ഇരട്ടിയാക്കും
● ശക്തികുളങ്ങര, നീണ്ടകര, തങ്കശേരി, കായംകുളം തുറമുഖങ്ങൾ നവീകരിക്കും
● പരപ്പനങ്ങാടിയിലും ചെത്തിയിലും പുതിയ തുറമുഖം
● സ്കൂൾ, കോളേജ് പരിസരങ്ങളിൽ 500 ചെറുവനം
● ന്യൂഡൽഹിയിലെ ട്രാവൻകൂർ പാലസ് നവീകരിക്കും
● സർവകലാശാലാവകുപ്പുകളും കേന്ദ്രങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കും
● ഹൗസിങ് ബോർഡിനു കീഴിൽ ഗൃഹശ്രീ ഭവനപദ്ധതി
● ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം എല്ലാ പഞ്ചായത്തിലേക്കും
● കൃഷിവികസന പ്രവർത്തനങ്ങൾക്ക് തണ്ണീർത്തടം അടിസ്ഥാനമാക്കും
● ഖരമാലിന്യ സംസ്കരണത്തിന് മുൻഗണന
● വിദേശ തൊഴിൽ തേടുന്നവർക്കായി അധിക നൈപുണ്യപരിശീലനം
● ഗോത്ര ഉൽപ്പന്നങ്ങൾക്കായി ട്രൈബൽ വില്ലേജ് മാർക്കറ്റുകൾ
● കായികമേഖലയിൽ മേനംകുളത്ത് ജി വി രാജ സെന്റർ ഫോർ എക്സലൻസ്
● ടൂറിസംകേന്ദ്രങ്ങളിൽ 12 ലോകോത്തര ടോയ്ലെറ്റ്
● ടൂറിസത്തിന് പ്രത്യേക പ്രചാരണം
● സഞ്ചരിക്കുന്ന ജലബസ്