തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലില്ലാത്തവിധം തോൽവിയേറ്റുവാങ്ങിയ സംസ്ഥാനത്തെ ബിജെപി നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി മിസോറം ഗവർണർ പി എസ് ശ്രീധരൻപിള്ളയുടെ റിപ്പോർട്ട്. ഇതിലെ പല പരാമർശങ്ങളും ഗൗരവമായാണ് കേന്ദ്രനേതാക്കൾ കാണുന്നതെന്നും സംസ്ഥാന നേതൃതലത്തിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നുമാണ് സൂചന.
കേന്ദ്രഭരണത്തിന്റെ ആനുകൂല്യങ്ങൾ പറ്റാൻ വേണ്ടിമാത്രമാണ് കേരളത്തിലെ നേതൃത്വം താൽപ്പര്യപ്പെടുന്നത്. ജനങ്ങളെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ നിഷേധാത്മക സമീപനം സ്വീകരിച്ചത് തിരിച്ചടിയുമായി. കോൺഗ്രസ് അത് തിരിച്ചറിഞ്ഞ് പ്രധാന നേതാക്കളെയടക്കം മാറ്റി രചനാത്മക നിലപാടെടുത്തു. കേന്ദ്ര മന്ത്രി മുരളീധരനും കെ സുരേന്ദ്രനും സംഘവുമാണ് സംസ്ഥാനത്തെ ബിജെപിയെ നയിക്കുന്നത്. ആരുടെയും പേര് പറയാതെതന്നെ കേന്ദ്ര നേതൃത്വത്തെ കാര്യങ്ങൾ യാഥാർഥ്യബോധത്തോടെ ധരിപ്പിക്കുന്നതാണ് റിപ്പോർട്ടെന്ന് ചില മുതിർന്ന നേതാക്കളും പറയുന്നു. തോൽവിയുടെ കാരണങ്ങൾ വ്യത്യസ്ത മേഖലകളിലൂടെ പരിശോധിക്കുന്ന കേന്ദ്രനേതൃത്വം ശ്രീധരൻപിള്ളയോട് അനൗദ്യോഗികമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാന ബിജെപിയിലെ മുതിർന്ന നേതാക്കളെ പൂർണമായും ഇപ്പോഴത്തെ നേതാക്കൾ അവഗണിച്ചു. ഇത് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കി. ന്യൂനപക്ഷങ്ങളെ അകറ്റുകയല്ല അവരുടെ പിന്തുണയാർജിക്കുകയാണ് കേരളത്തിൽ വേണ്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് സീറ്റ് നഷ്ടമായത്. വോട്ട് കുറഞ്ഞില്ലെന്ന പ്രധാന നേതാവിന്റെ വാദം നിരർഥകമാണ്. എൻഡിഎയ്ക്ക് മൂന്നു ശതമാനം വോട്ട് കുറഞ്ഞു, സിപിഐ എമ്മിന് മൂന്ന് ശതമാനം വോട്ട് കൂടി. കോൺഗ്രസിനും വോട്ട് കൂടി. 90 സീറ്റിൽ ബിജെപി വോട്ട് വിറ്റുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഗൗരവതരമാണ്. അടിത്തട്ടുമുതൽ മാറ്റം ആവശ്യമാണെന്നും കണക്കുകൾ സഹിതം വിശദീകരിക്കുന്ന റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ, റിപ്പോർട്ട് നൽകിയെന്നത് ശ്രീധരൻപിള്ള നിഷേധിച്ചു.