കോഴിക്കോട്
അഡ്മിനിസ്ട്രേറ്ററുടെ തലതിരിഞ്ഞ പരിഷ്കാരങ്ങളെ ന്യായീകരിച്ച കലക്ടർക്കെതിരെ പ്രതിഷേധിച്ചതിന് ദ്വീപ് നിവാസികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. കിൽത്താൻ ദ്വീപിലെ 12 പേരെയും ചേത്ത്ലാത്ത് ദ്വീപിലെ ഒരു ഡിവൈഎഫ്ഐ പ്രവർത്തകനെയുമാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ കലക്ടർ അസ്കർ അലി അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ചിരുന്നു. പിന്നാലെ ദ്വീപിൽ പ്രതിഷേധമുയർന്നു. കിൽത്താൻ ദ്വീപിൽ യുവാക്കൾ കലക്ടറുടെ കോലം കത്തിച്ചു.
കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടം കൂടിയെന്ന പേരിലാണ് കിൽത്താനിൽ 12 പേരെ കസ്റ്റഡിയിലെടുത്തത്. രാത്രി അറസ്റ്റ് രേഖപ്പെടുത്തി. കോവിഡ് രോഗികൾക്ക് ഭക്ഷണപ്പൊതി നൽകി മടങ്ങുമ്പോഴാണ് ചേത്ത്ലാത്ത് ദ്വീപിലെ ഡിവൈഎഫ്ഐ പ്രവർത്തകനെ പിടിച്ച് ജയിലിലടച്ചത്. എല്ലാവർക്കുമെതിരെ രാജ്യദ്രോഹം, കോവിഡ് മാനദണ്ഡം ലംഘിച്ച് പുറത്തിറങ്ങി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഗൂഢാലോചനക്കുറ്റവുമുണ്ട്. യുവാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാനുള്ള നീക്കത്തിൽ ദ്വീപ് നിവാസികൾക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്. അറസ്റ്റിലായവർ ജയിലിനുള്ളിൽ ഉപവാസ സമരവും നടത്തി. അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രക്ഷോഭത്തിന് രൂപംനൽകാൻ രാഷ്ട്രീയ കക്ഷികളുടെ ഓൺലൈൻ യോഗം ശനിയാഴ്ച വൈകിട്ട് നാലിന് ചേരും.