പോർട്ടോ
യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ ചാമ്പ്യൻമാർ ഇന്ന് ഉദിക്കും. പോർച്ചുഗൽ നഗരമായ പോർട്ടോയിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് പോര്. ഇംഗ്ലീഷ് ഫുട്ബോളിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും മുഖാമുഖം വരുന്നു. മൂന്ന് സീസണിനിടെ രണ്ടാം ഇംഗ്ലീഷ് ഫൈനലാണിത്. സിറ്റി ചാമ്പ്യൻസ് ലീഗിൽ ആദ്യ കിരീടം സ്വപ്നം കാണുമ്പോൾ ചെൽസി 2011‐12ന് ശേഷമുള്ള കിരീട നേട്ടത്തിനാണ് കോപ്പുകൂട്ടുന്നത്. ഈ സീസണിലെ ഫൈനലാണ് സിറ്റിയുടെ മികച്ച നേട്ടം.
തൊട്ടതെല്ലാം പൊന്നാക്കാൻ കഴിവുള്ള സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയ്ക്ക് ഈ സീസണിൽ മൂന്ന് കിരീടമാണ് ലക്ഷ്യം. സിറ്റി കുപ്പായത്തിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുള്ള സുവർണാവസരം കൂടിയാണ് ഈ സ്പാനിഷുകാരന്.
മറുവശത്ത് ഫ്രാങ്ക് ലംപാർഡിന് പകരം ചെൽസിയുടെ പരിശീലക കുപ്പായമണിഞ്ഞ തോമസ് ടുഷെൽ നല്ല മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഇംഗ്ലീഷ് എഫ് എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റെങ്കിലും ചെൽസി തളർന്നിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയോടും തോറ്റിരുന്നു. എങ്കിലും നാലാം സ്ഥാനക്കാരായി അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ കഴിഞ്ഞു.സിറ്റിക്ക് സീസണിൽ രണ്ട് കിരീടമായി. പ്രീമിയർ ലീഗ് കിരീടത്തിനൊപ്പം ലീഗ് കപ്പും സ്വന്തമാക്കി. ചെൽസിയോട് അവസാന രണ്ട് മത്സരങ്ങളിൽ തോറ്റു. ലീഗിലും എഫ് എ കപ്പ് സെമിയിലും.
സെമിയിൽ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ പിഎസ്ജിയെയാണ് സിറ്റി മറികടന്നത്. ഇരുപാദങ്ങളിലുമായി 4‐1ന് തകർത്തുവിട്ടു. റിയാദ് മഹ്റെസായിരുന്നു സിറ്റിയുടെ വിജയശിൽപ്പി.
ചെൽസി തീർത്തത് സിനദിൻ സിദാന്റെ റയൽ മാഡ്രിഡിനെ. ഇരുപാദങ്ങളിലുമായി 3‐1ന് മറികടന്നു.ഈ സീസണിൽ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സിറ്റിക്ക് മുൻതൂക്കമുണ്ട്. മനോഹരമായ ആക്രമണക്കളിയുമായാണ് അവർ മുന്നേറിയത്. ലീഗിലെ അവസാന മത്സരത്തിൽ എവർട്ടണെ അഞ്ച് ഗോളിന് തകർത്തു.മുന്നേറ്റക്കാരൻ സെർജിയോ അഗ്വേറോയുടെ സിറ്റി കുപ്പായത്തിലെ അവസാന മത്സരമാകും ഇത്.
മികച്ച മധ്യനിരയും പ്രതിരോധവുമാണ് സിറ്റിയുടെ കരുത്ത്. കെവിൻ ഡി ബ്രയ്ൻ നയിക്കുന്ന മധ്യനിരയിൽ റിയാദ് മഹ്റെസ്, ഫിൽ ഫോദെൻ, ഇകായ് ഗുൺഡോവൻ, ബെർണാഡോ സിൽവ, റോഡ്രി, ഫെർണാണ്ടിന്യോ എന്നിവരുണ്ട്. യുവതാരം ഫെറാൻ ടോറെസും ചേർന്നാൽ സമ്പൂർണം. അഗ്വേറോയ്ക്കൊപ്പം ഗബ്രിയേൽ ജെസ്യൂസും റഹീം സ്റ്റെർലിങ്ങും ചേർന്നതാണ് മുന്നേറ്റം.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഈ സീസണിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട റൂബെൻ ഡയെസ് ആണ് പ്രതിരോധത്തിലെ കരുത്തൻ. മറ്റൊരു പോർച്ചുഗൽ താരം ജോയോ കാൻസെലോ, കൈൽ വാൾക്കർ, ജോൺ സ്റ്റോൺസ്, ഐമറിക് ലപോർട്ട എന്നിവരും പ്രതിരോധത്തിൽ അണിചേരുന്നു. എഡേഴ്സനാണ് ഗോൾവലയ്ക്ക് മുന്നിൽ.
ഗോളടിക്കാരുടെ മോശം പ്രകടനമാണ് ചെൽസിയുടെ തലവേദന. പ്രതിരോധത്തിൽ മികച്ച സംഘമുണ്ട്. ഗോൾ കീപ്പർ എഡ്വേർഡോ മെൻഡിയുടെ പരിക്കും ആശങ്കയാണ്. മെൻഡിക്ക് പകരം കെപ അരിസബലാഗയായിരിക്കും ഗോൾ കീപ്പർ.
പ്രതിരോധത്തിൽ തിയാഗോ സിൽവ, അന്റോണിയോ റൂഡിഗർ, റീസെ ജയിംസ്, കുർട് സുമ, സെസാർ അസ്പ്ലിക്യൂട്ട, ബെൻ ചിൽവെൽ തുടങ്ങിയ വമ്പൻ നിരയാണ്.
ജോർജിന്യോ, എൻഗോളോ കാന്റെ എന്നീ അധ്വാനികളാണ് മധ്യനിരയിൽ. കൂട്ടിന് ആക്രമണം നയിക്കാൻ ക്രിസ്റ്റ്യൻ പുലിസിക്ക്, ഹക്കീം സിയെക്ക്, മറ്റിയോ കൊവാസിച്ച് തുടങ്ങിയവരും. യുവതാരവും ഈ സീസണിൽ ചെൽസിക്കായി തകർപ്പൻ കളി പുറത്തെടുത്ത മാസൺ മൗണ്ടാണ് ടുഷെലിന്റെ വജ്രായുധം. മുന്നേറ്റത്തിൽ ടിമോ വെർണെർ, കെയ് ഹവേർട്ട്സ് എന്നിവർക്കൊപ്പം പരിചയ സമ്പന്നനായ ഒളിവർ ജിറൂവും യുവതാരം ടാമ്മി അബ്രഹാമും ഉണ്ട്.