ടോക്യോ
ഒളിമ്പിക്സിന് ഇനി രണ്ടു മാസമില്ല. ജൂലൈ 23 മുതൽ ആഗസ്ത് എട്ടു വരെയാണ് നിശ്ചയിച്ചതെങ്കിലും അനശ്ചിതത്വം തുടരുന്നു. കോ വിഡ് വ്യാപനത്തെ തുടർന്ന് ടോക്യോ അടക്കമുള്ള നഗരങ്ങളിലെ അടിയന്തിരാവസ്ഥ ജൂൺ 20 വരെ നീട്ടുമെന്നാണ് ഒടുവിലത്തെ വിവരം.
നിലവിൽ മെയ് 31 വരെയാണ് നിയന്ത്രണം. ഗുരുതര രോഗമുള്ളവരുടെ എണ്ണം കൂടിയതും വാക്സിനേഷൻ മന്ദഗതിയിലായതും അടിയന്തിരാവസ്ഥ നീട്ടാൻ കാരണമായി. ജപ്പാനിൽ 7, 27,000 പേർക്ക് കോവിഡ് ബാധിച്ചു. മരണം 12,597. സമ്പന്ന രാജ്യങ്ങളിൽ വാക്സിനേഷന്റെ കാര്യത്തിൽ ഏറെ പിറകിലാണ് ജപ്പാൻ.
കാണികളില്ലെങ്കിൽ യൊകോവിച്ചില്ല
സ്റ്റേഡിയത്തിൽ കാണികളില്ലെങ്കിൽ ഒളിമ്പിക്സിനില്ലെന്ന് ലോക ഒന്നാം റാങ്കുകാരനായ ടെന്നീസ് താരം നൊവാക് യൊകോവിച്ച് പറഞ്ഞു. അടച്ചിട്ട സ്റ്റേഡിയത്തിൽ ഒളിമ്പിക്സ് നടത്തുമെന്ന ചർച്ചക്കിടെയാണ് ഈ തീരുമാനം.ഒളിമ്പിക്സ് കളിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ കാണികൾ ഇല്ലെങ്കിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് രണ്ടു വട്ടം ആലോചിക്കുമെന്ന് യൊകോവിച്ച് വിശദീകരിച്ചു.
റാഫേൽ നദാലും സെറീന വില്യംസും കോവിഡ് സാഹചര്യത്തിൽ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിലുള്ള ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. റോജർ ഫെഡറർ ക്കും രണ്ട് മനസ്സാണ്. ജാപ്പനീസ് താരങ്ങളായ നവോമി ഒസാകയും കെയി നിഷികോറിയും കോവിഡ് കാലത്ത് ഗെയിംസ് വേണ്ടെന്ന അഭിപ്രായക്കാരാണ്. വിദേശത്തു നിന്നുള്ള കാണികൾക്ക് ഇത്തവണ ഒളിമ്പിക്സ് കാണാനാവില്ല. നാട്ടുകാർക്ക് സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടാകുമോയെന്ന് അടുത്ത മാസം അറിയാം. അനുവദിച്ചാൽ തന്നെ കാണികൾ എത്തുമോയെന്ന സംശയവുമുണ്ട്. ഒളിമ്പിക്സിനെതിരെ ജപ്പാനിൽ ജനരോഷം ശക്തമാണ്. ഡോക്ടർമാരുടെ സംഘടന പ്രതിഷേധം തുടരുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ സംഗമഭൂമിയായി ടോക്യോ മാറുമെന്നാണ് വിമർശനം. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന പതിനായിരത്തോളം അത് ലീറ്റുകളുടെ സാനിധ്യം നഗരത്തിൽ കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നാണ് ഡോക്ടർമാരുടെ സംഘടന പറയുന്നത്. ജപ്പാനിൽ വാക്സിനേഷൻ രണ്ട് ശതമാനം ആയിട്ടേയുള്ളു.