തൃശൂർ
സംസ്ഥാന സംഘടന ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്തതോടെ കുഴൽപ്പണം ഇടപാടിൽ ബിജെപി ഉന്നത നേതാക്കൾക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് വ്യക്തമായി. സംഘടനാ ജനറൽ സെക്രട്ടറിക്കൊപ്പം സംസ്ഥാന ഓഫീസ് സെക്രട്ടറിയെക്കൂടി ശനിയാഴ്ച ചോദ്യം ചെയ്യുന്നതോടെ ബിജെപിയുടെ പങ്ക് മറയില്ലാതെ തെളിയുകയാണ്. ബിജെപിയുടെ സംഘടനാ രീതിയനുസരിച്ച് സംസ്ഥാന പ്രസിഡന്റിനു മുകളിലല്ലെങ്കിലും ഏതാണ്ട് തുല്യമായ സ്ഥാനമാണ് സംഘടനാ ജനറൽ സെക്രട്ടറിക്ക്. ആർഎസ്എസ് ബിജെപിയെ നിയന്ത്രിക്കുന്നത് ഈ സംഘടനാ ജനറൽ സെക്രട്ടറിയിലൂടെയാണ്. ബിജെപിയുടെ പണമിടപാട് കൈകാര്യം ചെയ്യുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നയാളാണ് സംഘടനാ ജനറൽ സെക്രട്ടറി. കുഴൽപ്പണ ഇടപാട് അറിയില്ലെന്നായിരുന്നു ഇതുവരെയും ബിജെപി സംസ്ഥാന പ്രസിഡന്റടക്കം പറഞ്ഞിരുന്നത്. നിരന്തരം പ്രസ്താവനകളും വാർത്താസമ്മേളനങ്ങളും നടത്താറുള്ള ബിജെപി നേതാക്കളാരുംതന്നെ ഇതിനോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ്. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്തതോടെ ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘ്പരിവാർ നേതൃത്വമാകെ പ്രതിരോധത്തിലായി. കെ സുരേന്ദ്രന്റെ ആവർത്തിച്ചുള്ള നിഷേധപ്രസ്താവനകളെ ആരും ഗൗരവമായി എടുക്കുന്നുമില്ല. ഈ വിഷയത്തിൽ കൃഷ്ണദാസ് പക്ഷത്തെയും ആർഎസ്എസിനെയും പ്രതിക്കൂട്ടിലാക്കാനാണ് സുരേന്ദ്രനും മുരളീധരനും ശ്രമിക്കുന്നത്.
കേസിൽ ചോദ്യം ചെയ്ത ഗണേശനും പരാതിക്കാരനായ ധർമരാജനും ആർഎസ്എസുകാരാണ്. സംഭവത്തിൽ ഇടപെട്ട തൃശൂർ ജില്ലാ ഭാരവാഹികളാണെങ്കിൽ കൃഷ്ണദാസ് പക്ഷവുമാണ്. പണം കാണാതായിയെന്ന് കേസ് കൊടുപ്പിച്ചത് കെ സുരേന്ദ്രൻ സമ്മർദം ചെലുത്തിയാണെന്ന് പറയുന്നു. മുമ്പ് സമാനമായ രീതിയിൽ തമിഴ്നാട്ടിൽ വച്ച് കേരളത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയ സംഭവമുണ്ടായപ്പോൾ അന്നത്തെ ബിജെപി നേതൃത്വം കേസ് കൊടുക്കാതെ പ്രശ്നം ഒതുക്കിയിരുന്നു. ഇത്തവണയും പണം കൊണ്ടുവന്ന ധർമരാജൻ കേസിന് പോകേണ്ടെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേസ് കൊടുക്കണമെന്ന് നിർബന്ധം പിടിച്ചത് എതിർപക്ഷത്തെ ലക്ഷ്യംവച്ചാണ്. എന്നാൽ, സുരേന്ദ്രന് അങ്ങനെ രക്ഷപ്പെടാൻ കഴിയില്ലെന്നാണ് ആർഎസ്എസ് പക്ഷം പറയുന്നത്. പണം ധർമരാജന് കൈമാറിയ സുനിൽ നായിക് സുരേന്ദ്രന്റെ വിശ്വസ്തനാണ്. പണത്തിന്റെ ഉറവിടം സുനിൽ നായിക്കിന് അറിയാം. അതുപോലെ അഞ്ച് കോടി രൂപയുണ്ടായിരുന്നുവെന്ന് പറയുന്നു. ഇതിൽ ധർമരാജന്റെ കൈവശം മൂന്നരക്കോടിയേ ഉണ്ടായിരുന്നുള്ളൂവെന്നും പറയുന്നു. അങ്ങനെയെങ്കിൽ ഒന്നരക്കോടി എവിടെപ്പോയെന്ന ചോദ്യം ബാക്കിയാവുന്നു. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയെക്കൂടി ചോദ്യം ചെയ്തതോടെ കുഴൽപ്പണ ഇടപാടിൽ സംഘ്പരിവാറിന് ഒഴിഞ്ഞുമാറാൻ കഴിയാത്ത സ്ഥിതിയായി.
സംസ്ഥാന ഓഫീസ് സെക്രട്ടറിയുടെ മൊഴികൂടി രേഖപ്പെടുത്തുന്നതോടെ ബിജെപി നേതൃത്വം കൂടുതൽ പ്രതിരോധത്തിലാവും. കേസിൽ അടുത്തത് ആരെയാവും ചോദ്യം ചെയ്യുകയെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം.