ന്യൂഡൽഹി
രാജ്യത്തെ കോവിഡ് വാക്സിനേഷൻ ഡിസംബറോടെ പൂർത്തിയാക്കുമെന്ന കേന്ദ്രത്തിന്റെ അവകാശവാദം യാഥാര്ഥ്യമാകാന് കടമ്പകള് ഏറെ. ഇപ്പോള് പരീക്ഷണഘട്ടത്തിലുള്ള പുതിയ വാക്സിനുകള് യാഥാര്ഥ്യമായി വ്യാവസായിക ഉൽപ്പാദനം ആരംഭിച്ചിട്ടുവേണം കുത്തിവയ്ക്കാന്. പലയിടത്തുനിന്നുള്ള വാഗ്ദാനപ്രകാരം ഡിസംബറോടെ 216 കോടി ഡോസ് ലഭ്യമാകുമെന്ന നിതി ആയോഗ് അംഗം ഡോ. വി കെ പോളിന്റെ അനുമാനമാണ് കേന്ദ്ര പ്രഖ്യാപനത്തിനു പിന്നില്.
ഡോ. വി കെ പോളിന്റെ അനുമാനപ്രകാരം ഡിസംബറോടെ 75 കോടി കോവിഷീൽഡ്, 55 കോടി കോവാക്സിൻ, 30 കോടി ബയോളജിക്കൽ ഇ, കോവാവാക്സ്–- 20 കോടി, ഭാരത് ബയോടെക്കിന്റെ നാസൽ വാക്സിൻ–- 10 കോടി, സൈഡസ് കാഡില–- അഞ്ച് കോടി, ജെന്നോവ–- ആറ് കോടി, സ്പുട്നിക്–- 1.5 കോടി എന്നിവ ലഭ്യമാകും. ഇതിൽ കോവിഷീൽഡും കോവാക്സിനും പരിമിതമായി ഉൽപ്പാദിപ്പിച്ചു തുടങ്ങിയ സ്പുട്നിക്കും ഒഴിച്ചാല് ബാക്കിയെല്ലാം ഇന്ത്യയിൽ പരീക്ഷണഘട്ടത്തിൽമാത്രം. പ്രതീക്ഷിക്കപ്പെടുന്ന രീതിയിൽ ഉൽപ്പാദന വർധനയും പരീക്ഷണവും പുരോഗമിച്ചാലേ ഇത്രയേറെ ഡോസ് ഡിസംബറോടെ ലഭ്യമാകൂ. മെയ് മാസത്തിൽ ശരാശരി പ്രതിദിന കുത്തിവയ്പ് 17 ലക്ഷംമാത്രം. ഡിസംബറോടെ രണ്ടു ഡോസും നല്കണമെങ്കില് പ്രതിദിന കുത്തിവയ്പ് 94 ലക്ഷമെങ്കിലുമാകണം.