മനാമ> മഹാമാരി കാലത്ത് നാടിനെ ചേര്ത്ത് പിടിച്ച് പ്രവാസികള്. കേരളത്തിലേക്ക് ജീവന് രക്ഷാ ഉപകരണങ്ങള് പൊതുജനപങ്കാളിത്തത്തോടെ ഉറപ്പുവരുത്തുന്ന നോര്ക്കാ റൂട്സിന്റെ കെയര് ഫോര് കേരള പദ്ധതി പ്രകാരമുള്ള പ്രവാസികളുടെ സഹായത്തിന്റെ ആദ്യഘട്ടം നാട്ടിലെത്തി.
ബഹ്റൈന്, യുഎഇ എന്നിവിടങ്ങളില് നിന്നും പ്രമുഖ പ്രവാസി സംഘടനകള് സമാഹരിച്ച സഹായം ദുബായില്നിന്നുള്ള എമിറേറ്റ്സ് വിമാനത്തില് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി.
171 ഓക്സിജന് സിലിണ്ടര്, 2830 ഓക്സി മീറ്റര്, 43 ഓക്സിജന് കോണ്സന്ട്രേറ്റര്, നാല് വെന്റിലേറ്റര് എന്നിവയാണ് അയച്ചത്. പ്രവാസി സംഘടനകളും വ്യക്തികളും രാഷ്ട്രീയ ഭേദമന്യേ സഹകരിച്ചതായി നോര്ക്ക റൂട്സ് ഡയറക്ടര് ഒ.വി. മുസ്തഫ പറഞ്ഞു. കൂടുതല് സഹായം എത്തിയിട്ടുണ്ടെന്നും ഈ മാസം 31നു മുമ്പ് അടുത്ത സഹായം അയക്കാനാണ് ശ്രമമെന്നും മുസ്തഫ പറഞ്ഞു.
ഇന്ത്യയിലേക്കുള്ള മെഡിക്കല് ഉപകരണങ്ങള് കാര്ഗോ നിരക്ക് ഈടാക്കാതെ നാട്ടിലെത്തിക്കുമെന്ന് എമിറേറ്റ്സ് എയര്ലൈന്സ് അറിയിച്ചിരുന്നു. ദുബായില് നിന്ന് ഏകദേശം 50 ലക്ഷം രൂപയുടെ സഹായമാണ് നാട്ടിലേക്കയച്ചത്. ഇതില് ബഹ്റൈനില് നിന്നും പ്രതിഭ സമാഹരിച്ച 500 പള്സ് ഓക്സി മീറ്ററുകളും 10 ഓക്സിജന് കോണ്സെന്റേറ്ററുകളും ഉള്പ്പെടുന്നു.















