തിരുവനന്തപുരം: ഇടതുപക്ഷംചേർന്ന് നടന്നുതുടങ്ങിയ കേരള കോൺഗ്രസ്-എം. ഇടതുപാർട്ടികളുടെ രീതിയിൽ ലെവി ഏർപ്പെടുത്തുന്നു. ഓരോ സ്ഥാനത്തുള്ളവരും നൽകേണ്ട തുക എത്രയെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും പാർട്ടിയെന്ന നിലയിലുള്ള കെട്ടുറപ്പിനും അംഗങ്ങളുടെ ഉത്തരവാദിത്വത്തിനും ലെവി വേണ്ടതാണെന്ന തീരുമാനത്തിൽ പാർട്ടിയെത്തി. സി.പി.എം., സി.പി.ഐ. മാതൃകയിൽ കേഡർ സ്വഭാവത്തിലേക്ക് പാർട്ടിയെ കൊണ്ടുവരാൻ സാധാരണ അംഗത്വവും സജീവ അംഗത്വവും ഏർപ്പെടുത്താനും ആലോചിക്കുന്നു. പാർട്ടി അംഗത്വം ഓൺലൈനാക്കുന്നതും പരിഗണനയിലുണ്ട്. പാർട്ടിയിലൂടെ സ്ഥാനം ലഭിച്ചവർക്കായിരിക്കും വിഹിതം കൂടുക. മന്ത്രി, എം.പി., എം.എൽ.എ., ചീഫ് വിപ്പ്, തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളും ഭരണകർത്താക്കളും, ബോർഡ്-കോർപ്പറേഷൻ ചെയർമാന്മാർ, അംഗങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങൾ, പേഴ്സണൽ സ്റ്റാഫ് എന്നിവർക്കെല്ലാം ലെവി വരും. പാർട്ടി ഭാരവാഹികൾ, സ്റ്റിയറിങ് കമ്മിറ്റി, ജില്ലാ പ്രസിഡന്റുമാർ, പോഷകസംഘടനാ ഭാരവാഹികൾ എന്നിങ്ങനെ സംസ്ഥാന കമ്മിറ്റിവരെയുള്ളവർക്ക് ലെവി ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. മുന്നണിയിലെ പ്രമുഖ പാർട്ടിയെന്ന നിലയിൽ തലപ്പൊക്കത്തോടെ നിൽക്കാൻ താഴെത്തട്ടിൽ പാർട്ടിസംവിധാനം ശക്തമാക്കണമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.