മുന്‍സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരുമെന്നും പ്രകടനപത്രികകളിലെ വാഗ്‌ദാനങ്ങൾ നിറവേറ്റുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ് സർക്കാറിന്‍റെ ലക്ഷ്യമെന്നും നയപ്രഖ്യാപന പ്രസംഗം പറയുന്നു.
Also Read :
ഗുരുതര പ്രതിസന്ധിക്കിടയിലും കൊവിഡിനെ പ്രതിരോധിക്കാനായി. കൊവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചു. ഒന്നാം തരംഗത്തില്‍ സമഗ്ര പാക്കേജ് നടപ്പാക്കിയെന്നും ഗവർണർ പറഞ്ഞു. കൊവിഡ് വാക്സിന്‍ സൗജന്യമെന്നതാണ് സർക്കാർ നയം, മൂന്നു കോടി ഡോസ് വാക്സിൻ വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ നല്‍കുമെന്നും നയപ്രഖ്യാപന പ്രസംഗം പറഞ്ഞു.
ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു. കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നല്‍കി. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ കുടിശ്ശിക തീര്‍പ്പാക്കാനായി 14,000 കോടി രൂപ മാറ്റിവെച്ചു.
6.6 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഈ വര്‍ഷത്തെ സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു. വരുമാനത്തില്‍ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൊവിഡ് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും പറഞ്ഞ പ്രസംഗം കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കുമെന്നും വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാര്‍ട്ട് കൃഷി ഭവനുകളാക്കും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം 50 ശതമനാം വര്‍ധിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രസംഗത്തിലുണ്ടായി. കേരളത്തിലെ നവോത്ഥാന നായകരുടെ പേരില്‍ ജില്ലകളില്‍ ഒന്നുവീതം കള്‍ച്ചറല്‍ കോംപ്ലക്സുകള്‍ നിര്‍മിക്കും. കേരള കള്‍ച്ചറല്‍ മ്യൂസിയം സ്ഥാപിക്കും. സാംസ്‌കാരിക പരിപാടികള്‍ക്കായി പ്രാദേശിക സാസ്‌കാരിക കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും ഗവർണ്ണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. സംസ്ഥാനത്തിന്‍റെ വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം അഗീകരിക്കുന്നില്ല. ഇത് ഫെഡറിലിസത്തിന് ചേരാത്തതാണെന്നും സഹകരണ മേഖലയിലെ കേന്ദ്ര നയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു.