തൃശൂർ> കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെ അന്വേഷകസംഘം ചോദ്യം ചെയ്യൽ തുടങ്ങി. നേരത്തെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് നേരിട്ട് നോട്ടീസ് നൽകിയിരുന്നു.
വെള്ളിയാഴ്ച രാവിലെ പത്തോടെ തൃശൂർ പോലീസ് ക്ലബിലാണ് ഹാജരായത് . സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് ശനിയാഴ്ച ഹാജരാവുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച ചോദ്യം ചെയ്ത കുഴൽപണം കടത്തിയ ആർഎസ്എസ് പ്രവർത്തകൻ ധർമരാജിൽ നിന്നും ബിജെപി നേതാക്കളെ ബന്ധിപ്പിക്കുന്ന നിർണായക മൊഴി അന്വേഷണസംഘത്തിന് ലഭിച്ചു.
തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബിജെപി തൃശൂർ ജില്ലാ നേതാക്കളാണെന്ന് ധർമരാജ് അന്വേഷണസംഘത്തിന് മൊഴി നൽകി. . വ്യാഴാഴ്ച ആറുമണിക്കൂറിലധികം നേരം നീണ്ട ചോദ്യം ചെയ്യലിൽ കവർച്ചയിൽ നേതാക്കളെ ബന്ധിപ്പിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയത്.
ബി ജെ പി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് വിളിച്ചു പറഞ്ഞ പ്രകാരം. രണ്ട് മുറികൾ എടുത്തിരുന്നതായി നേരത്തെ അന്വേഷണ സംഘത്തിന് ലോഡ്ജ് ജീവനക്കാരന്റെ മൊഴി ലഭിച്ചിരുന്നു. . കേസിൽ 19 പ്രതികളെ ചോദ്യം ചെയ്തിരുന്നു.. ഇതുവരെ ഒന്നേ കാൽ കോടിയിലധികം കണ്ടെത്തിയിരുന്നു.
ഇനിയും പണം കണ്ടെത്താനുണ്ട്. ഇതിനായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം സൂചന നൽകി.