കോഴിക്കോട്> റെയിൽവേയിൽ 13,450 തസ്തികകൾ 2021–-’ -22വർഷത്തിൽ വേണ്ടെന്നുവയ്ക്കാൻ റെയിൽവേ ബോർഡ് ഉത്തരവ്. തൊഴിൽ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കൽ. 16 സോണൽ റെയിൽവേകളിലെ വിവിധ വകുപ്പുകളിലായാണ് ഇത്രയും തസ്തിക ഒറ്റയടിയ്ക്ക് എടുത്തുകളയുന്നത്. ഈ മാസം 20നാണ് റെയിൽവേ ബോർഡ് ഉത്തരവ്.
ചില തസ്തികകൾ അധികപ്പറ്റാണെന്നും പുനർവിന്യാസം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികളെ ദോഷകരമായി ബാധിക്കുന്ന നിർദേശം. തൊഴിൽ കണക്കെടുപ്പ് തുടങ്ങുന്നതിനുമുമ്പ് തന്നെ ഓരോ സോണിലും നിശ്ചിത എണ്ണം തസ്തികകൾ സറണ്ടർ ചെയ്യണമെന്ന് നിർദേശം നൽകിയിരുന്നു. ഒഴിവുകൾ ദീർഘകാലം നികത്താതെ, ഘട്ടംഘട്ടമായി വേണ്ടെന്നു വയ്ക്കുക എന്ന റെയിൽവേ പിന്തുടർന്നുവരുന്ന നയത്തിന്റെ ഭാഗമാണിത്.
2019 മാർച്ച് ഒന്നിന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് പ്രകാരം 2,85,258 ഒഴിവുകൾ റെയിൽവേയിലുണ്ട്. ഇതിനുശേഷം ഒഴിവുകളുടെ കണക്ക് പുറത്തിറക്കിയിട്ടില്ല. 50,000 പേർ ശരാശരി വിരമിക്കുന്നതുകൂടി കണക്കാക്കിയാൽ ഇപ്പോൾ നാല് ലക്ഷത്തിലധികമാണ് ഒഴിവ്. കോവിഡ് മഹാമാരി മൂലം ദിവസവും 1000 റെയിൽവേ ജീവനക്കാർ രോഗബാധിതരാകുകയും ഇതിനോടകം 2500ലധികം ജീവനക്കാർ മരിക്കുകയും ചെയ്തു.
പല സുരക്ഷാ ജോലികളിലും ട്രെയിൻ ഓടിക്കുന്നതിലും ജീവനക്കാരുടെ കുറവ് വൻതോതിലാണുള്ളത്. പുതിയ റിക്രൂട്ട്മെന്റ് അടുത്തൊന്നും ഉണ്ടാവില്ല. ഇതിനിടെയാണ് നിലവിലുള്ള ജീവനക്കാരുടെ എണ്ണം കുറച്ച് സ്വകാര്യവൽക്കരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്.
ഒഴിവുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്തണം: ഡിആർഇയു
കോഴിക്കോട്> റെയിൽവേയിലെ ഒഴിവുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നികത്താൻ നടപടിയെടുക്കണമെന്ന് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ(ഡിആർഇയു) കേന്ദ്രകമ്മിറ്റി.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും അതിരൂക്ഷ മാകുന്ന തൊഴിലില്ലായ്മ കണക്കിലെടുത്തും നിയമനം അടിയന്തരമായി നടത്തണം.
തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്തും വിശ്വാസത്തിലെടുത്തും മാത്രമേ തൊഴിൽ കണക്കെടുപ്പ് നടത്താവൂ. കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ തസ്തിക കുറയ്ക്കാനുള്ള അശാസ്ത്രീയ ഉത്തരവ് പിൻവലിക്കണമെന്നും ഡിആർഇയു ആവശ്യപ്പെട്ടു.