മുംബൈ: ഐപിഎല്‍ പാതി വഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. താരത്തിന്റെ കുടുംബത്തിലെ ഏല്ലാവര്‍ക്കും തന്നെ കോവിഡ് ബാധിച്ചിരുന്നു. കുടുംബാംഗങ്ങളുടെ സുരക്ഷയെ ഓര്‍ത്ത് ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നതായി അശ്വിന്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
“എന്റെ പ്രദേശത്തെ എല്ലാവര്‍ക്കും തന്നെ കോവിഡ് ബാധയുണ്ടായി. എന്റെ കുടുംബാംഗങ്ങളില്‍ പലരും രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നു. എങ്ങനെയൊക്കയോ അവര്‍ അതിജീവിച്ചു. ഐപിഎല്ലിന്റെ സമയത്ത് 8,9 ദിവസങ്ങളായി എനിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. ഉറക്കം നഷ്ടപ്പെട്ടതോടെ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ഇതിന് പുറമേ മത്സരങ്ങള്‍ കൂടെയായപ്പോള്‍ താങ്ങാനായില്ല, നാട്ടിലേക്ക് മടങ്ങി,” അശ്വിന്‍ വ്യക്തമാക്കി.
Also Read: കോവിഡിനെതിരെ പൊരുതുന്ന കുടുംബത്തിനൊപ്പം നിൽക്കണം; ഐപിഎല്ലിൽ ഇടവേളയെടുത്ത് അശ്വിൻ
ഐപിഎല്‍ ഉപേക്ഷിച്ച് മടങ്ങിയപ്പോള്‍ പിന്നീട് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം വരെ മനസില്‍ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ ആ സമയത്ത് എടുത്തത് ശരിയായ തീരുമാനമായിരുന്നു. കുടുംബാംഗങ്ങള്‍ രോഗമുക്തി നേടിത്തുടങ്ങിയതോടെ ഐപിഎല്ലിലേക്ക് തിരിച്ചു വരാം എന്ന് ചിന്തിച്ചിരുന്നു താരം. പക്ഷെ കളിക്കാര്‍ക്കിടയില്‍ രോഗവ്യാപനം ഉണ്ടായതോടെ ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തി വച്ചു.
ഇംഗ്ലണ്ട് പരമ്പരയുടെ തയാറെടുപ്പിന്റെ ഭാഗമായി അശ്വിന്‍ നിലവില്‍ 14 ദിവസം ക്വാറന്റൈനിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുമാണ് താരത്തിന് മുന്നിലുള്ളത്.
The post മാനസിക സംഘര്‍ഷം, ഉറങ്ങാന്‍ സാധിച്ചിരുന്നില്ല; ഐപിഎല്‍ വിട്ടതിനെക്കുറിച്ച് അശ്വിന്‍ appeared first on Indian Express Malayalam.