സച്ചിദാനന്ദൻ എന്ന കവിയെയും മനുഷ്യനെയും കഴിഞ്ഞ നാൽപ്പത് വർഷമായി എനിക്കറിയാം. 1981 സെപ്തംബറിലെ മഴ പെയ്ത് തോർന്ന ഒരു ഉച്ചനേരത്ത് ബി. രാജീവൻ, കെ ജെ. ബേബി, നിലമ്പൂർ ബാലൻ, ജോയ് മാത്യു, എ. സോമൻ എന്നിവരെയും കൂട്ടി കവിയൂർ ബാലൻ, കാടകത്ത്, അന്ന് ഞാൻ താമസിക്കുന്ന കുടിലിലേക്ക് വന്നു. മൺകട്ടകൾ കൊണ്ട് നിർമ്മിച്ച, നെയ്പ്പുല്ല് കൊണ്ട് മേഞ്ഞ, അമ്പത് വർഷമെങ്കിലും പഴക്കമുള്ള, ആ കുടിലിൽ, ഇത്രയും പേർ മൂന്നാഴ്ചയോളം എങ്ങനെ കഴിച്ചുകൂട്ടി എന്ന് ഇന്ന് ആലോചിക്കുമ്പോൾ, വിചിത്രമായി തോന്നുന്നു. നാൽപ്പത് കൊല്ലം മുമ്പുള്ള കാടകം അക്ഷരാർത്ഥത്തിൽ വന്യവും പ്രാചീനവുമായ ഒരു കുഗ്രാമമായിരുന്നു. എങ്കിലും പി.കൃഷ്ണപിള്ളയടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ പങ്കെടുത്ത ഐതിഹാസികമായ കാടകം വനസത്യാഗ്രഹത്തിന്റെയും നാടകത്തിന്റെയും പെരുമ ആ ഗ്രാമത്തിനുണ്ടായിരുന്നു. പക്ഷേ രണ്ട് വശങ്ങളിലായി കിടന്ന ചാണകം തേച്ച ആ ഇടുങ്ങിയ വരാന്തയും നിസ്താര സ്ഥലം പോലെ തോന്നിച്ച ‘കട്ടത്തണ’യും മാത്രമേ അഞ്ചെട്ട് പേർക്ക് പെരുമാറാനുള്ള ഇടമായി ആ കുടിലിൽ ഉണ്ടായിരുന്നുള്ളൂ. ജോൺ തന്റെ സഹജമായ അവധൂത സ്വഭാവം കൊണ്ട് എല്ലാ ഇടങ്ങളെയും സ്വന്തമാക്കി ജലത്തിലെ മത്സ്യം പോലെ ഞങ്ങൾക്കിടയിൽ ഊളിയിട്ടു.
സാംസ്കാരികവേദി പിരിച്ചുവിട്ടതിന് ശേഷമുള്ള സവിശേഷമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് ജോൺ എബ്രഹാമിനെ കൊണ്ട് കയ്യൂർ സിനിമ ചെയ്യുക എന്ന ആശയം രൂപപ്പെടുന്നത്. അക്കാലത്ത് സാംസ്കാരികവേദിയുമായി സജീവബന്ധം പുലർത്തിയിരുന്ന പി. എം. മുരളീധരനും ജി.ബി. വത്സനും താമസിക്കുന്ന കാസർഗോഡുള്ള ‘ഖസാഖ്’ ലോഡ്ജിൽ കവിയൂർ ബാലനോടൊപ്പം ജോൺ എത്തിച്ചേരുന്നത് അങ്ങനെയാണ്. കയ്യൂരിന്റെ തിരക്കഥാ രചനയിൽ പങ്കാളികളാകാൻ വേണ്ടി മുമ്പേ പറഞ്ഞ സംഘം കാടകത്ത് എത്തിച്ചേരുന്നതും ഈ പശ്ചാത്തലത്തിലാണ്.
ചർച്ചകളും സംഭാഷണങ്ങളും എഴുത്തുമായി തിരക്കഥാരചന രണ്ടാം ദിവസമാകുമ്പോഴേക്കും നല്ല പുരോഗതി പ്രാപിച്ചു കഴിഞ്ഞിരുന്നു. മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് പെട്ടെന്ന് പെയ്ത മഴയിൽ പൊടുന്നനെ എല്ലവരും നിശ്ശബ്ദരായതു പോലെ തോന്നി. കൂട്ടത്തിൽ പയ്യനായിരുന്ന എ. സോമൻ എന്റെ ചെവിയിൽ പതുക്കെ പറഞ്ഞു. മാഷേ, എനിക്ക് കരച്ചിൽ വരുന്നു. എന്തിനെന്നറിയാതെ ഒരു വിഷാദം എന്നെയും ബാധിച്ചിരുന്നു. സച്ചി തന്റെ സഞ്ചിയിൽ നിന്നും കുറച്ച് കടലാസുകൾ വെളിയിലേക്കെടുത്തു. യാതൊരു മുന്നറിയിപ്പുമില്ലാതെ ‘വേനൽ മഴ’ വായിച്ചു തുടങ്ങി.
“വേനലിലെ ആദ്യത്തെ മഴ പെയ്യുകയാണിപ്പോൾ
മഴയുടെ ചില്ലുകുഴലുകളിലുടെ
എണ്ണമറ്റ കുഞ്ഞുമാലാഖകൾ വന്നിറങ്ങി
ഇലകളിൽ നൃത്തം ചെയ്യുന്നതും നോക്കി
ഈ ഭൂമിയിലെ പ്രക്ഷുബ്ധമായ പ്രവാസത്തേക്കുറിച്ചോർക്കുമ്പോൾ
നിന്റെ തടവറയുടെ ജനലരുകിൽ നീയിരിക്കുന്നതെനിക്ക് കാണാം”
ആ കടലാസുകൾ പുറത്തെടുക്കുമ്പോൾ അത് ഒരു കവിതയാകും എന്ന് ഞങ്ങളാരും കരുതിയതേയില്ല. നെയ്യുറുമ്പിന്റെ വലുപ്പം മാത്രമുള്ള തീരെ ചെറിയ അക്ഷരങ്ങളിൽ കുനുകുനാ എഴുതിയ ആ കടലാസിലെ വരികൾ എന്റെ തന്നെ സ്വത്വത്തിന്റെ ഒരു ഭാഗമാകുമെന്നും കവിത എന്ന സാഹിത്യരൂപത്തോട് ഇതപര്യന്തം ഇല്ലാത്ത ഒരാത്മബന്ധം എന്നിൽ സൃഷ്ടിക്കുമെന്നും എനിക്ക് അറിയുമായിരുന്നില്ല.
ഫിക്ഷന്റെ ആഭിചാരത്തിൽ അടിപ്പെട്ട് ജീവിതം തന്നെ പണയം വച്ചുള്ള ചൂതുകളിപോലെയായിരുന്നു അക്കാലത്തെ എന്റെ വായന.അതിൽ നിന്ന് കവിതയുടെ രഹസ്യാനന്ദങ്ങളിലേക്ക് എന്നെ കൈപിടിച്ച് ഉയർത്തിയത് ‘വേനൽമഴ”യാണ്.’ സച്ചിദാനന്ദന്റെ ഏത് കവിതയും അതിൽ പിന്നീട്, എനിക്ക് മഴയുടെ സാന്നിദ്ധ്യവും സ്പർശവുമില്ലാതെ വായിക്കാനോ ഓർമ്മിക്കാനോ കഴിയില്ല.
“ഈ പുതുമഴയ്ക്ക് മാത്രമേ
നിനച്ചിരിക്കാതെ ഉയരക്കൊന്പു കുലുക്കിപ്പറന്നിറങ്ങുന്ന
കിളിക്കൂട്ടത്തെപ്പോലെ ഭൂമിയുടെ മേൽവീണ്
ഇല്ലായ്മപോലെ നേർത്ത പാട്ടുവിരലുകൾ കൊണ്ട്
വേനലിന്റെ വിത്തുകളെ കിക്കിളിപ്പെടുത്തി
കണ്ണടച്ചു തുറക്കും മുമ്പേ, ഓർമ്മപ്പോലെ നേർത്ത തത്തത്തൂവലുകളാൽ
മണ്ണിനെ മൂടാന കഴിയുന്നുള്ളൂ.’
കാരണം, പുതുമഴ മേഘങ്ങളുടെ പിളരുന്ന പളുങ്ക്
മേൽക്കൂരകൾക്ക് കീഴിൽ
വലയിനുകളുടെ ഒരു താഴ്‌വാരയാണ്” എന്ന് പ്രകടമായും “ഒരു ഗ്രാമവിധവപ്പോൽ ഇലകൊണ്ട് തലമുടി മെലിവാർന്ന കാറ്റ് പോകുന്നു” എന്ന് ധ്വനിസാന്ദ്രമായും ‘ദുശ്ശാസനത്തിന്റെ നിശാചര നീതികളുടെയും വ്യാളികളെ’ അപൂർണത്തിന്റെ പ്രകാശ ഖഡ്ഗത്താൽ പിന്നെയും പിന്നെയും വെട്ടുന്ന അവിരാമമായ മഹാരോഷത്തിന്റെ മഴകൾക്ക് സ്വാഗതം’ എന്ന് മന്ത്രസ്ഥായിയിലും, പലഭാവങ്ങളിൽ, പലരൂപങ്ങളിൽ സച്ചിയുടെ കവിതകളിൽ മഴ ഒരു ” Recurring motif’ ആയി വർത്തിക്കുന്നുണ്ട്. ബുദ്ധനും മുഹമ്മദും ക്രിസ്തുവും ഈ കവിതകളിൽ മഴയുടെ പ്രവാചക ശബ്ദങ്ങളായി രൂപം മാറുന്നു.
സച്ചി എന്ന കവിയുടെ ഓർമ്മശക്തിയെയും സർഗാത്മകമായ പ്രഫുല്ലതയെയും അത്ഭുതത്തോടെ മാത്രമേ എക്കാലത്തും എനിക്ക് ഓർക്കാനാവൂ. രണ്ടായിരത്തിലധികം പേജുകൾ വരുന്ന സ്വന്തം കവിതകൾ, ഏതാണ്ട് അത്രയും പേജുകൾ വരുന്ന കാവ്യ വിവർത്തനങ്ങൾ, ഉപന്യാസങ്ങൾ, അഭിമുഖങ്ങൾ, വിവിധ ഭാഷകളിൽ വന്ന എണ്ണമറ്റ കാവ്യസമാഹാരങ്ങൾ, എഡിറ്റ് ചെയ്ത പുസ്തകങ്ങൾ ഇവയൊക്കെ ചേർന്ന് ഒരു മനുഷ്യായുസ്സ് കൊണ്ട് മറ്റാർക്കും ചെയ്ത് തീർക്കാനാവാത്ത സർഗാത്മക സാഫല്യം, ഒരുപക്ഷേ, ലോക ഭാഷകളിൽ തന്നെ മറ്റൊരു കവിക്കും അവകാശപ്പെടാൻ സാധിക്കാത്തതാണ്.
സച്ചിയെ ഓർക്കുമ്പോഴും വായിക്കുമ്പോഴുമുള്ള മഴയുടെ ആ നനുത്ത സ്പർശം എനിക്ക് മാത്രം അവകാശപ്പെട്ട എന്റെ സ്വകാര്യ അഹങ്കാരമാണ്. അത് സാധ്യമാക്കിയ കാലത്തിന് നന്ദി.
The post സച്ചിദാനന്ദൻ എന്നിലേക്ക് പെയ്തിറങ്ങിയ കവിത appeared first on Indian Express Malayalam.