കൊല്ലം
അസീസിയ മെഡിക്കൽ കോളേജിൽ നടന്ന എംബിബിഎസ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാർഥികളെയും പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും പൊലീസ് ചോദ്യംചെയ്യും. സംഭവത്തിൽ അന്വേഷണസമിതി ശുപാർശപ്രകാരം ആരോഗ്യ സർവകലാശാല നടപടി സ്വീകരിച്ച കർണാടക സ്വദേശിയായ പരീക്ഷാ ചീഫ് സൂപ്രണ്ട് കെ ജി പ്രകാശിനെയും ചോദ്യംചെയ്യും.
പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങളും ആൾമാറാട്ടം നടത്തി എഴുതിയ പരീക്ഷാപേപ്പറുകളും സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പരിശോധിക്കും. കോളേജ് വൈസ് പ്രിൻസിപ്പലിന്റെ പരാതിയിൽ ആൾമാറാട്ടം നടത്തിയ നബീൽ സാജിദ്, പ്രണവ് ജി മോഹൻ, മിഥുൻ ജംസിൻ എന്നീ വിദ്യാർഥികൾക്കെതിരെ കഴിഞ്ഞ ദിവസം കണ്ണനല്ലൂർ പൊലീസ് കേസെടുത്തിരുന്നു. ഒരു വിദ്യാർഥി 2011ലും രണ്ടുപേർ 2012ലും കോളേജിൽ എംബിബിഎസിന് പ്രവേശനം ലഭിച്ചവരാണ്. ജനുവരി ആറിനു നടന്ന മൂന്നാംവർഷ ഇഎൻടി, ഒഫ്ത്താൽമോളജി, കമ്യൂണിറ്റി മെഡിസിൻ വിഷയങ്ങളിലെ സപ്ലിമെന്ററി പരീക്ഷയിലാണ് ആൾമാറാട്ടം നടന്നത്. വിദ്യാർഥികൾക്കുവേണ്ടി പരീക്ഷ എഴുതിയത് കോളേജിൽ തന്നെയുള്ളവരാണോ പുറത്തുള്ളവരാണോ എന്നതാണ് പൊലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്. കോളേജിൽനിന്ന് എംബിബിഎസ് പാസായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വിദ്യാർഥികളെയും ഈ രംഗത്തെ അധ്യാപകരെയും കുറിച്ച് പൊലീസ് വിവരങ്ങൾ ശേഖരിച്ചുവരുന്നു.