കോഴിക്കോട്
കേന്ദ്രപിന്തുണയോടെയുള്ള അഡ്മിനിസ്ട്രേറ്ററുടെ ഭ്രാന്തൻ പരിഷ്കാരങ്ങൾ തകർക്കുന്നത് ലക്ഷദ്വീപിന്റെ സമ്പദ്ഘടന. പ്രധാന വരുമാന മാർഗങ്ങളെല്ലാം സ്വകാര്യ കുത്തകകൾക്ക് കൈമാറിയും ജീവനക്കാരെ പിരിച്ചുവിട്ടുമുള്ള ഏകാധിപത്യ നടപടികളാണ് കോടിക്കണക്കിന് രൂപ നഷ്ടമുണ്ടാക്കുന്നത്. കൊപ്ര, മാസ് കയറ്റുമതി, ജീവനക്കാരുടെ ശമ്പളം, ടൂറിസം, കരാർ തൊഴിലാളികളുടെ വരുമാനം, കപ്പൽ ജീവനക്കാരുടെ വരുമാനം തുടങ്ങിയവയാണ് ദ്വീപ് നിവാസികളുടെ പ്രധാന വരുമാനം. ഈ മേഖലയിലെല്ലാം അഡ്മിനിസ്ട്രേറ്റർ കൈവച്ചു. രണ്ടായിരത്തോളം കരാർ ജീവനക്കാരെ പട്ടേൽ ചുമതലയേറ്റശേഷം വിവിധ വകുപ്പുകളിലായി പിരിച്ചുവിട്ടു. ഒരാളുടെ ശരാശരി ശമ്പളം 15,000 രൂപയായാൽതന്നെ പ്രതിവർഷം 36 കോടിയുടെ വരുമാന നഷ്ടം ദ്വീപിലുണ്ടാക്കും.
ടൂറിസം, മത്സ്യബന്ധനം, ഹോട്ടൽ എന്നിവയെല്ലാം സ്വകാര്യ മേഖലക്ക് തീറെഴുതുന്നതോടെ മാസവും 150 കോടിയെങ്കിലും വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. മത്സ്യത്തൊഴിലാളി സബ്സിഡി നിർത്തുന്നതും മറ്റുമുണ്ടാക്കുന്ന നഷ്ടം പുറമെ. അഡ്മിനിസ്ട്രേഷന് കീഴിലുള്ള കപ്പലുകൾ ഷിപ്പിങ് കോർപറേഷന് കൈമാറുന്നതോടെ ആയിരത്തോളം പേർക്ക് ജോലി നഷ്ടപ്പെടും. ടൂറിസം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന സ്പോർട്സ് സൊസൈറ്റി ജീവനക്കാരെ പിരിച്ചുവിട്ടതും സമ്പദ്ഘടനക്ക് കനത്ത തിരിച്ചടിയാണ്. വർഷം ശരാശരി 43 കോടി രൂപയാണ് ഇതുവഴിയുണ്ടാകുന്ന വരുമാനനഷ്ടം.
വൈദ്യുതി, കൃഷി, മൃഗസംരക്ഷണം, വ്യവസായം തുടങ്ങിയ വകുപ്പുകളിലും സ്വകാര്യവൽക്കരണത്തിനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ആദ്യപടിയാണ് പാൽ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം. പോർട്ട്, എൽഡിസിഎൽ വകുപ്പുകൾ പിരിച്ചുവിടുമ്പോൾ അറുനൂറോളം സ്ഥിരം ജീവനക്കാർക്ക് ജോലി നഷ്ടമാകും. ഇതിലൂടെയും വർഷത്തിൽ 36 കോടി രൂപയുടെ കുറവുണ്ടാകും. ജനങ്ങളുടെ വരുമാനത്തിലെ ഇടിവ് ദ്വീപിലെ വിപണിയെയും സാരമായി ബാധിക്കും. ഭൂപരിഷ്കാരം കൂടി നടപ്പാക്കിയാൽ ദ്വീപുപേക്ഷിച്ച് പോകേണ്ട സാഹചര്യത്തിലേക്കും മാറും.