തിരുവനന്തപുരം
ലോകത്തെമ്പാടും മലയാളികളായ സ്ത്രീകൾ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ വലിയ പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി വീണ ജോർജ്. ഡോക്ടർമാർ, നേഴ്സുമാർ, ജെപിഎച്ച്എൻമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ–- പാലിയേറ്റീവ് കെയർ–-സന്നദ്ധ പ്രവർത്തകർ തുടങ്ങി ലക്ഷക്കണക്കിന് സ്ത്രീകൾ നാടിന്റെ രക്ഷയ്ക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ട്. അവരെല്ലാം സ്വന്തം സുരക്ഷയും ശ്രദ്ധിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരും സുരക്ഷിതരാകണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനമാണ് വെള്ളിയാഴ്ച. കോവിഡ് വ്യാപനകാലത്ത് കടന്നുവരുന്ന ഈ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്.
സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരിൽ വലിയശതമാനം സ്ത്രീകളാണ്. കോവിഡ് പോരാട്ടത്തിൽ അവരുടെ സേവനം വിസ്മരിക്കാനാകില്ല. ദീർഘകാലമായ മഹാമാരിയിൽ സാമൂഹ്യ–-സാമ്പത്തിക–- ലിംഗപരമായ അസമത്വങ്ങൾ പലയിടത്തും നിലനിൽക്കുകയാണ്. കോവിഡ് കാലത്ത് ഓഫീസ് ജോലിയും വീട്ടുജോലിയും വീട്ടിലിരുന്ന് ചെയ്യേണ്ടി വരുന്നവരുണ്ട്. കോവിഡ് വ്യാപനത്താൽ പലരും അസുഖങ്ങൾക്ക് ചികിത്സ തേടാൻപോലും വൈമുഖ്യം കാണിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. സ്ത്രീകൾ പോഷകാഹാരവും മാനസികാരോഗ്യവും ഏറെ ശ്രദ്ധിക്കണം. അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യത്തിന് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. ചികിത്സയ്ക്കായി ആശുപത്രികൾ സജ്ജമാണ്.
ഒരുതുള്ളി വാക്സിൻപോലും പാഴാക്കാത്ത നമ്മുടെ നേഴ്സുമാർ രാജ്യത്തിന്റെ അഭിമാനമാണ്. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനും അവരുടെ സമഗ്ര പുരോഗതിക്കുംവേണ്ടി വനിത ശിശുവികസന വകുപ്പ് ഒപ്പമുണ്ടെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.