തിരുവനന്തപുരം
ലക്ഷദ്വീപിന് വികസനം നിഷേധിച്ചുവെന്ന ബിജെപിയുടെയും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെയും വാദം പച്ചക്കള്ളം. ബിജെപി മേധാവിത്വ സംസ്ഥാനങ്ങൾ (ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്) കൈവരിക്കാത്ത ജീവിതസൂചികാ നേട്ടങ്ങൾ ലക്ഷദ്വീപിനുണ്ട്. ബിജെപി സംസ്ഥാനങ്ങളിൽ 38നും 47നും ഇടയിലുള്ള ശിശുമരണ നിരക്ക് ദ്വീപിൽ 2016മുതൽ 19ആണ്. ദേശീയശരാശരി 34 ആണെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് ചൂണ്ടിക്കാട്ടി. ദ്വീപിലെ ജീവിതായുസും ദേശീയ ശരാശരിയേക്കാൾ ഉയരെയാണ്. 93 ശതമാനം സാക്ഷരതയുമുണ്ട്. പ്രജനന നിരക്ക് ഒരു സ്ത്രീക്ക് 1.9 കുട്ടി. ദേശീയ പ്രജനനനിരക്ക് 2.2 ഉം. കേരളത്തിൽ 1.6 ഉം. ബിമാരു സംസ്ഥാനങ്ങളിൽ 2.7 മുതൽ 3.1 വരെയുമാണ്. എന്നിട്ടും രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് ഇവിടെ സ്ഥാനാർഥിത്വം നിഷേധിക്കുന്നു.
ദ്വീപിലെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ താഴെയാണ്. സർക്കാർ ജോലി, മത്സ്യം, തേങ്ങ, കൊപ്ര എന്നിവയിലാണ് തൊഴിലും വരുമാനവും. ദ്വീപ് അതോറിറ്റി പഠനം നടത്തി വികസനതന്ത്രം രൂപീകരിച്ചിട്ടുണ്ട്. മത്സ്യമേഖലയിൽ നവീകരണം വേണം. കേരള സർക്കാർ, തദ്ദേശീയരുമായിചേർന്ന് മത്സ്യം സൂക്ഷിക്കലിനും സംസ്കരണത്തിനും വിപണനത്തിനും ധാരണപത്രം ഒപ്പുവച്ചിട്ടുണ്ട്. കേരളത്തിൽ ഹെക്ടറിൽ 6000 തേങ്ങ ലഭിക്കുമ്പോൾ ലക്ഷദ്വീപിലെ ശരാശരി 20,000 ആണ്. കയർ വ്യവസായം വികസിപ്പിക്കുന്നതിനും കേരളവുമായുള്ള ധാരണപത്രം ചർച്ചയിലാണ്.
കുത്തകകൾക്കുകീഴിലെ ടൂറിസം വികസനമല്ല, ഉത്തരവാദിത്ത ടൂറിസമാണ് ദ്വീപിൽ ഉചിതം. പ്രഫുൽ പട്ടേൽ ലക്ഷദ്വീപുകളെയാകെ ടൂറിസം ചൂതാട്ടകേന്ദ്രമാക്കുകയാണ്. തദ്ദേശീയരല്ലാത്തവർക്ക് ഭൂമിതീറെഴുതാൻ നിർബന്ധിക്കുന്നു. ദാമൻ ദിയുവിന് സമാനമായ തന്ത്രമാണ് ലക്ഷദ്വീപിലും നടപ്പാക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.