തിരുവനന്തപുരം
ലക്ഷദ്വീപിനെ സംഘപരിവാർ മറ്റൊരു വർഗീയ പരീക്ഷണശാലയാക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. വർഗീയ ഉന്മൂലനം ലക്ഷ്യമിട്ട് അവിടത്തുകാരെ കുടിയിറക്കാനാണ് ശ്രമം. ലക്ഷദ്വീപിന്റെ സംസ്കാരത്തെയും പരിസ്ഥിതിയെയും തകർത്ത് കോർപറേറ്റ് അധിനിവേശവും ലക്ഷ്യമിടുന്നു. ഈ കാടത്തത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ഡിവൈഎഫ്ഐ വിപുലമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. കോവിഡ് ഘട്ടമായതിനാൽ സാമൂഹ്യമാധ്യമങ്ങളെ ഇതിനായി ഉപയോഗിക്കും. ദ്വീപിലെ വിഷയം ചൂണ്ടിക്കാട്ടി ഒരു ലക്ഷം ഇ മെയിൽ രാഷ്ട്രപതിക്ക് അയക്കും. അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ നിയമപരമായി നീങ്ങുന്നതിന്റെ സാധ്യതകൾ തേടുന്നുണ്ട്. നിയമവിദഗ്ധരുമായി ഇക്കാര്യം കൂടിയാലോചിക്കും.ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കൊച്ചി, ബേപ്പൂർ ഓഫീസുകൾക്കു മുന്നിൽ കോവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധം സംഘടിപ്പിക്കും.
നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബർ ആക്രമണം സംഘപരിവാർ കാടത്തത്തിനുദാഹരണമാണ്. ഒരു ചാനൽതന്നെ അതിന് നേതൃത്വം നൽകുന്നു എന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. പൃഥ്വിരാജിന് ഡിവൈഎഫ്ഐയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അഞ്ച്, ആറ് തീയതികളിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ശുചീകരണ യജ്ഞത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സജീവമായി പങ്കെടുക്കും. സംസ്ഥാനത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ രണ്ടരലക്ഷം വൃക്ഷത്തൈ നടുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എസ് സതീഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.