മലപ്പുറം
ജില്ലയിൽ കോവിഡ് വ്യാപന തോത് കുറച്ചത് ശക്തമായ പൊലീസ് ഇടപെടൽ. ഒരുവേള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 42.09 ശതമാനംവരെ ഉയർന്നു. മുപ്പൂട്ടും പൊലീസിന്റെ കർശന നടപടിയും രോഗബാധ കുറയാൻ സഹായിച്ചു. ബുധനാഴ്ച ടിപിആർ 21.62ലേക്ക് താഴ്ന്നത് അതിന്റെ വ്യക്തമായ സൂചനയാണ്.
തുടക്കത്തിൽ നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു നിയന്ത്രണം. അത് ഫലം കണ്ടതോടെ ഗ്രാമങ്ങളിലും കർശനമാക്കി. ലോക്ഡൗൺ തുടങ്ങിയ എട്ടിന് ജില്ലയിൽ 3949 പേരാണ് രോഗികൾ. ടിപിആർ 32.03 ശതമാനം. 13ന് ഇത് 42.09, 14ന് 38.2 എന്നിങ്ങനെ ഉയർന്നതോടെ 16 മുതൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തി. മലപ്പുറത്തിനൊപ്പം തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലും മുപ്പൂട്ട് നടപ്പാക്കി. രോഗസ്ഥിരീകരണ നിരക്കും രോഗികളും ഗണ്യമായി കുറഞ്ഞതോടെ 23ന് മറ്റ് മൂന്ന് ജില്ലകളിൽ മുപ്പൂട്ട് ഒഴിവാക്കി. ഈ ദിവസങ്ങളിലും ജില്ലയിലെ ടിപിആർ ഉയർന്നുതന്നെയായിരുന്നു–- 20ന് 37.14, 21ന് 28.75, 22ന് 29.94. ഇത് 25 ശതമാനത്തിനുചുവടെ വന്നത് ബുധനാഴ്ചയാണ്.
സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും മലപ്പുറത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ്സാഖറെ, നോർത്ത് സോൺ ഐജി അശോക് യാദവ് എന്നിവർ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി.
ട്രിപ്പിൾ ലോക്ഡൗണിൽ പൊലീസ് നടപടി ഫലപ്രദമായി വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി എസ് സുജിത്ദാസ് പറഞ്ഞു. ടിപിആർ കുറയുന്നത് ഇതിന്റെ സൂചനയാണ്. നിയന്ത്രണങ്ങളിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഇപ്പോൾ വലിയ സഹകരണമാണ് ലഭിക്കുന്നതെന്നും പൊലീസ് ചീഫ് പറഞ്ഞു.