മാഡ്രിഡ്
സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഉപേക്ഷിച്ചു. സ്പാനിഷ് ലീഗ് ഈ സീസൺ പൂർത്തിയാകുംമുമ്പെ സിദാൻ തീരുമാനം കളിക്കാരെ അറിയിച്ചിരുന്നു. ലീഗിൽ അത്ലറ്റികോ മാഡ്രിഡിന് പിന്നിൽ രണ്ടാമതായാണ് റയൽ സീസൺ പൂർത്തിയാക്കിയത്. രണ്ട് പോയിന്റ് വ്യത്യാസത്തിലായിരുന്നു കിരീടനഷ്ടം. ആദ്യ തവണ റയലിന് മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സമ്മാനിച്ച സിദാന് രണ്ടാം വരവിൽ വലിയ നേട്ടങ്ങളുണ്ടാക്കാനായില്ല. ഈ സീസണിൽ ഒരു കിരീടംപോലുമില്ലാതെയാണ് റയൽ അവസാനിപ്പിച്ചത്. സ്പാനിഷ് ലീഗിൽ അവസാനംവരെ പൊരുതിയെങ്കിലും കിരീടം കിട്ടിയില്ല. ചാമ്പ്യൻസ് ലീഗ് സെമിയിൽ ചെൽസിയോട് തോറ്റു പുറത്തായി. 11 സീസണിനിടെ ആദ്യമായാണ് റയൽ കിരീടമില്ലാതെ അവസാനിപ്പിക്കുന്നത്.
കളത്തിന് പുറത്തും സിദാൻ അസ്വസ്ഥനായിരുന്നു. യൂറോപ്യൻ സൂപ്പർ ലീഗുമായി മുന്നോട്ടുപോകാനുള്ള ക്ലബ്ബ് പ്രസിഡന്റ് ഫ്ളോറെന്റീനോ പെരെസിന്റെ നീക്കങ്ങൾക്കിടെയാണ് സിദാൻ പടിയിറങ്ങുന്നത്. 2019ൽ സാന്റിയാഗോ സൊളാരിക്ക് പകരമായാണ് സിദാൻ വീണ്ടുമെത്തുന്നത്. ആ സീസണിൽ റയലിന് സ്പാനിഷ് ലീഗ് കിരീടം നൽകി. 2016ലാണ് ആദ്യമായി പരിശീലകനായെത്തുന്നത്. 2018ൽ ക്ലബ്ബ് വിട്ടു. പത്ത് മാസത്തിനുശേഷം വീണ്ടും തിരിച്ചെത്തുകയായിരുന്നു. ഭാവി കാര്യങ്ങൾ ഈ നാൽപ്പത്തെട്ടുകാരൻ വെളിപ്പെടുത്തിയില്ല. സിദാന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായി റയൽ പ്രതികരിച്ചു.