ടോക്യോ
ഒളിമ്പിക്സ് സംഘാടനം സംബന്ധിച്ച് ജപ്പാൻ കടുത്ത സമ്മർദത്തിൽ. കോ വിഡ് കാലത്ത് ടോക്യോയിൽ ഒളിമ്പിക്സ് നടത്തുന്നതിൽ ജനങ്ങളുടെ എതിർപ്പ് ശക്തമാണ്. ഒളിമ്പിക്സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ പത്രമായ അസാഹി ഷിംബുൻ രംഗത്തുവന്നു. പ്രചാരത്തിൽ രണ്ടാം സ്ഥാനത്തുള്ള പത്രം ഗെയിംസിന്റെ സ്പോൺസറാണ്. കോവിഡ് പടരുന്ന സാഹചര്യത്തിൽ ഒളിമ്പിക്സ് റദ്ദാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖപ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഇതിനു മുമ്പ് ടോക്യോയിലെ പ്രാദേശിക പത്രങ്ങളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.
അസാഹി ഷിംബുൻ ഈ മാസം നടത്തിയ സർവേയിൽ 83 ശതമാനം ജനങ്ങളും ഒളിമ്പിക്സിന് എതിരാണ്. അതിൽ 43 ശതമാനം റദ്ദാക്കണമെന്നും 40 ശതമാനം മാറ്റിവെയ്ക്കണമെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസത്തെ സർവേയിൽ 69 ശതമാനമായിരുന്നു എതിർപ്പ്. കോ വിഡ് പടരുന്നതും വാക്സിനേഷൻ മന്ദഗതിയിലായതുമാണ് ജനങ്ങളുടെ എതിർപ്പിന് കാരണം. ഇപ്പോഴും കുത്തിവെപ്പ് എടുത്തവർ 2-–-4% മാത്രമാണ്. പതിനായിരത്തോളം കായിക താരങ്ങളുടെയും ഒഫീഷ്യലുകളുടെയും വരവ് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. ജനങ്ങളുടെ അഭിപ്രായം അവഗണിച്ച് മുന്നോട്ടു പോകാൻ ഭരണകക്ഷിക്കാവില്ല. അതിനാൽ ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയ തീരുമാനം എടുക്കാൻ പ്രധാനമന്ത്രി യോഷിഹിദെ നിർബന്ധിതമാകും.
ഉത്തര കൊറിയ ഒളിമ്പിക്സിനില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങളും ഈ വഴി പിന്തുടരുമോയെന്ന ആശങ്ക ജപ്പാനുണ്ട്. അമേരിക്ക നടത്തിയ മുന്നറിയിപ്പ് ഈ അവസരത്തിൽ ശ്രദ്ധേയമാണ്. ജപ്പാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജാഗ്രത വേണമെന്നാണ് അറിയിപ്പ്.