ന്യൂഡൽഹി
റെയിൽവേയിൽ 2021––22ലെ തൊഴിൽ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ 13,450 തസ്തിക വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം മന്ത്രി പീയൂഷ് ഗോയലിന് കത്ത് നൽകി. 16 സോണൽ റെയിൽവേയിലായാണ് ഇത്രയും തസ്തിക വെട്ടിക്കുറയ്ക്കുന്നത്.
സാങ്കേതികവിദ്യാ മാറ്റത്താലുള്ള പുനർവിന്യാസംമാത്രമെന്നാണ് റെയിൽവേ ബോർഡിന്റെ വ്യാഖ്യാനം. എന്നാൽ, തൊഴിൽ കണക്കെടുപ്പിനുമുമ്പേ ഓരോ സോണിനും നിശ്ചിത എണ്ണം തസ്തിക കുറയ്ക്കാന് നിര്ദേശം നല്കി. ഒഴിവുകൾ ദീർഘകാലം ഒഴിച്ചിടുകയും പിന്നീട് വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നു. ഒഴിവുകൾ മുൻകൂർ കണക്കാക്കി റിപ്പോർട്ട് ചെയ്യണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന കേരള സർക്കാരിന്റെ പ്രഖ്യാപനം കേന്ദ്ര സർക്കാരും റെയിൽവേയും മാതൃകയാക്കണം.
റെയിൽവേയിൽ നാല് ലക്ഷത്തിൽപ്പരം ഒഴിവുണ്ട്. ആയിരത്തോളം ജീവനക്കാർ പ്രതിദിനം കോവിഡ് ബാധിതരാവുന്നു. 2500ലധികം പേർ ഇതിനകം മരിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവ് പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു– -കത്തിൽ ചൂണ്ടിക്കാട്ടി.