തിരുവനന്തപുരം
നിയമസഭയുടെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിച്ച് പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉയർന്നു പ്രവർത്തിക്കുമെന്ന് സ്പീക്കർ എം ബി രാജേഷ്. നിയമനിർമാണ സഭകളുടെ പ്രവർത്തനത്തിലും ഉള്ളടക്കത്തിലും കാലാനുസൃത മാറ്റം വേണം. കഴിഞ്ഞ സഭയുടെ കാലത്ത് പ്രധാന ചുവടുവയ്പുകൾ നടത്തിയിട്ടുണ്ടെന്നും -കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഇ നിയമസഭ, സഭാ ടിവി എന്നിവ ഫലപ്രദമാക്കാൻ മുൻഗണന നൽകും. സഭാരേഖകളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കും. സഭാ ലൈബ്രറിയിൽ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യംചെയ്യും. മ്യൂസിയം പ്രവർത്തനം മെച്ചപ്പെടുത്തി സംസ്ഥാനത്തുടനീളം പ്രദർശനം സംഘടിപ്പിക്കും. സഭാസമിതികളുടെ പ്രവർത്തനം മെച്ചപ്പെടുത്തും. സഭയിലെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കുന്നെന്ന് ഉറപ്പാക്കാൻ മുൻകൈ എടുക്കും.
സഭയിൽ സ്പീക്കറെ ‘സർ’ എന്ന അഭിസംബോധന തുടരുന്നത് കൊളോണിയൽ ഹാങ്ങോവറിൽനിന്നാണെന്നും കക്ഷി നേതാക്കളുമായി കൂടിയാലോചിച്ച് മാറ്റം വരുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവികുളം എംഎൽഎയുടെ സത്യപ്രതിജ്ഞയിൽ അപാകമുണ്ടോ എന്ന് നിയമവകുപ്പ് പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കും. വടകര അംഗം ബാഡ്ജ് കുത്തി സഭയിലെത്തിയത് പരിശോധിക്കുമെന്നും ചോദ്യത്തിന് മറുപടിയായി സ്പീക്കർ പറഞ്ഞു. ലക്ഷദ്വീപിലെ വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം പല അംഗങ്ങളും ഉന്നയിച്ചിട്ടുണ്ടെന്നും വിഷയം കാര്യോപദേശക സമിതിയുമായി കൂടിയാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപിൽ മൗലികാവകാശങ്ങൾ
ഉറപ്പാക്കണം
ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് ലക്ഷദ്വീപിലെ സ്ഥിതിവിശേഷമെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. ജനാധിപത്യാവകാശങ്ങളും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾപോലും ലംഘിക്കപ്പെടുന്നുവെന്നാണ് വാർത്തകൾ കാണിക്കുന്നത്. ഹൈക്കോടതിതന്നെ ആശങ്ക പ്രകടിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
സ്പീക്കർക്ക് രാഷ്ട്രീയം പാടില്ലെന്ന് ഭരണഘടനയിലെവിടെയും പറഞ്ഞിട്ടില്ല. സഭയിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി നിഷ്പക്ഷമായി പ്രവർത്തിക്കണമെന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ഇന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം ഭരണഘടനാമൂല്യത്തെക്കുറിച്ചും മതനിരപേക്ഷതയെക്കുറിച്ചും പറയുക എന്നതാണ്. സ്പീക്കർ അത് പറയുകതന്നെ ചെയ്യും. അത് അവകാശം മാത്രമല്ല, ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.