വാഷിങ്ടൺ
കോവിഡിന്റെ ഉറവിടം അന്വേഷിക്കുന്നത് ഇരട്ടി വേഗത്തിലാക്കണമെന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളോട് പ്രസിഡന്റ് ജോ ബൈഡൻ. 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശം. ട്രംപിന്റെ ഭരണകാലത്ത് കോവിഡ് നേരിടുന്നതിൽ അമേരിക്ക പരാജയപ്പെട്ടപ്പോൾ മുതൽ വൈറസ് ചൈന ലബോറട്ടറിയിൽ നിർമിച്ചതാണെന്ന വാദമുയർത്തിയിരുന്നു. 2019 നവംബറിൽ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ചില ശാസ്ത്രജ്ഞർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെന്ന് യുഎസ് ഏജൻസികൾ അടുത്തയിടെ ‘റിപ്പോർട്ട്’ ചെയ്തിരുന്നു.
അതേസമയം, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അന്വേഷണം ത്വരിതപ്പെടുത്താൻ ബൈഡൻ തീരുമാനിച്ചതെന്ന് ചൈന പ്രതികരിച്ചു. ഗൗരവത്തോടെ ശാസ്ത്രീയമായി ഉറവിടം കണ്ടെത്തുന്നതിലോ വസ്തുതകളിലോ സത്യത്തിലോ അല്ല അമേരിക്കയ്ക്ക് താൽപര്യം. ലോകാരോഗ്യ സംഘടനയുടെ അന്വേഷണവുമായി അമേരിക്ക സഹകരിക്കണമെന്ന് ചൈനീസ് വിദേശമന്ത്രാലയം ആവശ്യപ്പെട്ടു.