ലണ്ടൻ
ചക്രക്കസേരകൾ മുതൽ അമൂല്യ ശാസ്ത്ര പ്രബന്ധങ്ങളും ‘ദി സിംപ്സൺസ്’ അനിമേഷൻ ഷോയിലെ അതിഥിവേഷത്തിനായി തയ്യാറാക്കിയ കുറിപ്പുകളുംവരെ… സ്റ്റീഫൻ ഹോക്കിങ്ങിന്റെ വിപുലമായ സ്വകാര്യശേഖരം ഇനി ലണ്ടൻ സയൻസ് മ്യൂസിയത്തിനും കേംബ്രിജ് സർവകലാശാലാ ലൈബ്രറിക്കും സ്വന്തം. സർവകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസാണ് അതേപടി സംരക്ഷിക്കുന്നത്. ഇതിൽ അദ്ദേഹം ആശയവിനിമയത്തിന് ഉപയോഗിച്ച ഉപകരണം, ശാസ്ത്ര ചർച്ചകളിൽ പന്തയംവച്ച് നേടിയ വസ്തുക്കൾ, ഫർണിച്ചർ എല്ലാമുണ്ട്. സയൻസ് മ്യൂസിയം ഗ്രൂപ്പിന്റെ ഭാഗമായാണ് ഇവ സംരക്ഷിക്കുന്നത്. ഇതിലെ പ്രധാന വസ്തുക്കൾ അടുത്ത വർഷം ആദ്യം ലണ്ടൻ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. വിവിധയിടങ്ങളിൽ ഇവയുടെ സഞ്ചരിക്കുന്ന പ്രദർശനവും ഉദ്ദേശിക്കുന്നുണ്ട്.
‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈ’മിന്റെ ആദ്യ കരട്, ശാസ്ത്രജ്ഞരുമായി നടത്തിയ കത്തിടപാടുകൾ തുടങ്ങിയവ കേംബ്രിജ് ലൈബ്രറിയിൽ സൂക്ഷിക്കും. ഇവയെല്ലാം ചേർന്ന് 10,000 പേജുണ്ട്. ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഐസക് ന്യൂട്ടൻ, ചാൾസ് ഡാർവിൻ എന്നിവരുടെ ശേഖരവും സർവകലാശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.