മലപ്പുറം: വാക്സിൻ വിതരണത്തിൽ ആരോഗ്യ വകുപ്പ് ജില്ലയെ അവഗണിക്കുന്നുവെന്ന പരാതിയുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജനസംഖ്യയിലും വിസ്തൃതിയിലും മലപ്പുറത്തേക്കാൾ പിന്നിലുള്ള ജില്ലകൾക്ക് കൂടുതൽ പരിഗണന നൽകുമ്പോൾ ജില്ലയെ അവഗണിക്കുകയാണെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.
മലപ്പുറത്തേക്കാൾ പത്ത് ലക്ഷം പേർ കുറവുള്ള തിരുവനന്തപുരത്ത് 120 വാക്സിനേഷൻ കേന്ദ്രങ്ങളുണ്ട്. മലപ്പുറത്ത് 101 എണ്ണം മാത്രമാണുള്ളത്. ഈ കേന്ദ്രങ്ങളിൽ ആവശ്യത്തിന് വാക്സിനില്ല. നിലവിൽ 29 കേന്ദ്രങ്ങളിൽ മാത്രമാണ് വാക്സിൻ ലഭിക്കുന്നതെന്നും റഫീഖ പറയുന്നു.
ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലയിൽ ആവശ്യത്തിനനുസരിച്ച് വാക്സിൻ കേന്ദ്രങ്ങളും വാക്സിനും ഇല്ലാത്തത് ആരോഗ്യ വകുപ്പ് ജില്ലയോടു കാണിക്കുന്ന അവഗണനയാണെന്നാണ് ജില്ലാ പഞ്ചായത് പ്രസിഡന്റ് ആരോപിക്കുന്നത്.