കോഴിക്കോട്> അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ ലക്ഷദ്വീപിൽ നടക്കുന്ന അതിക്രമങ്ങളിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി.
ദാദ്രാ നഗർ ഹവേലിയിലെ പാർലമെന്റംഗമായ മോഹൻ മേൽകറിന്റെ മരണത്തിനുത്തരവാദിയായ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് ദുരുദ്ദേശപരമാണെന്ന് പരാതിയിൽ പറയുന്നു. ദ്വീപ്ചരിത്രത്തിലാദ്യമായാണ് സിവിൽ സർവീസുകാരനല്ലാത്ത വ്യക്തിയെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുന്നത് . എല്ലാവിധത്തിലും ദ്വീപിന്റെ സംസ്കാരവും ശാന്തിയും തകർക്കുന്ന നടപടികളാണ് തുടരുന്നത്.
ഭരണഘടനാ തത്വങ്ങൾ നഗ്നമായി ലംഘിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കയാണ്. ഡാമൻ ഡിയുവിലെ ഗോത്രവർഗക്കാരായ മത്സ്യത്തൊഴിലാളികളെ പരമ്പരാഗത തൊഴിൽ ജീവിത സാഹചര്യത്തിൽ നിന്നും പറിച്ചെറിഞ്ഞ പട്ടേൽ ലക്ഷദ്വീപയ ജനതയുടെ സംസ്കാരത്തിനും ജീവിതത്തിനും നേരെ നടത്തുന്ന കടന്നാക്രമണമാണ് നടത്തുന്നത്. തന്റെ പരാതി പൊതുതാൽപര്യ ഹരജിയായി പരിഗണിച്ച് സുപ്രീം കോടതി ഇടപെടണമെന്ന് സലീം മടവൂർ ആവശ്യപ്പെട്ടു.