കോഴിക്കോട്: സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് വടകര എം.എൽ.എ കെ.കെ രമ. ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സഭയിലെത്തി സത്യപ്രതിജ്ഞാ ചെയ്ത സംഭവം സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്കോമിനോട് പ്രതികരിക്കുകയായിരുന്നു കെ.കെ രമ.
എന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ഞാൻ ആ ബാഡ്ജ് ധരിച്ചെത്തിയത്. സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തിൽ ഉൾപ്പെട്ടതായിരുന്നോ. അല്ലെന്നാണ് എന്റെ അറിവ്. ഇതിലും വലിയത് പ്രതീക്ഷിച്ചതാണെന്നും ആദ്യം മുതൽക്ക് തന്നെ എന്റെ പുറകെ തന്നെയാണ് ഇവരെന്നും കെ.കെ രമ പറഞ്ഞു. ചട്ടലംഘനമൊന്നുമില്ല, എല്ലാം പരിശോധിച്ച് തന്നെയാണ് ഞങ്ങളും അങ്ങനെ ചെയ്തത്. സ്പീക്കർ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കി കൊല്ലാൻ വിധിക്കുന്നെങ്കിൽ അങ്ങനെ ചെയ്യട്ടേയെന്നും രമ പ്രതികരിച്ചു.
കാലങ്ങളായുള്ള ഇടത് കുത്തക തകർത്തായിരുന്നു യുഡിഎഫ് പിന്തുണയോടെ വടകരയിൽ നിന്ന് ആർ.എം.പി സ്ഥാനാർഥിയായി മത്സരിച്ച കെ.കെ രമ വിജയിച്ച് കയറിയത്. ഇടത് തരംഗം തന്നെയുണ്ടായിട്ടും വടകര നഷ്ടപ്പെട്ടത് അവർക്ക് വലിയ ക്ഷീണവുമായി. തുടർന്ന് കൊല്ലപ്പെട്ട ആർ.എം.പി നേതാവും കെ.കെ രമയുടെ ഭർത്താവുമായ ടി.പി ചന്ദ്രശേഖരന്റെ ഫോട്ടോ പതിച്ച ബാഡ്ജ് ധരിച്ച് കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തതും വലിയ ചർച്ചയായിരുന്നു. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധിക്കുമെന്ന് സ്പീക്കർ അറിയിച്ചത്.