തിരുവനന്തപുരം
കോവിഡ് രണ്ടാംതരംഗത്തിന്റെ ആശങ്കാജനകമായ സ്ഥിതിയിൽനിന്ന് കേരളം കരകയറിയപ്പോൾ സഹികെട്ട് വ്യാജ പ്രചാരണവുമായി വീണ്ടും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മറ്റുസംസ്ഥാനങ്ങളെ താരതമ്യംചെയ്ത് കേരളം കണക്ക് പറയുന്നുവെന്നും മരണ നിരക്ക് കുറച്ചുകാണിക്കുന്നുവെന്നുമാണ് ആരോപണം. പുതിയ പ്രതിപക്ഷ നേതാവും മാധ്യമങ്ങളും ഇതൊന്നും കാണുന്നില്ലേയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ ചോദിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ സൂചിപ്പിച്ച ഒരു ദിവസത്തെ കണക്ക് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രിയുടെ ഇപ്പോഴത്തെ നുണ പ്രചാരണം. ലോകാരോഗ്യസംഘടന, ഐസിഎംആർ എന്നിവയുടെ മാർഗനിർദേശപ്രകാരമാണ് സംസ്ഥാനങ്ങൾ കോവിഡ് മരണം രേഖപ്പെടുത്തുന്നതും വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം കൂടി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നേരത്തെയുണ്ടായ മരണങ്ങൾ ഇനിയാണ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതെന്നും വ്യക്തമാക്കിയിരുന്നു.
രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യുന്നതിൽ ഗുരുതര വീഴ്ചയാണ് യുപി, കർണാടക സംസ്ഥാനങ്ങൾക്ക് ഉണ്ടായതെന്ന് വാർത്തകളുണ്ടായിരുന്നു. കർണാടകത്തിൽ മുപ്പതുപേർ പോസിറ്റീവാകുമ്പോൾ ഒരു കേസാണ് റിപ്പോർട്ട് ചെയ്യുന്നത്. യുപി യിൽ അത്രപോലുമില്ല. മരണത്തിലും ഈ സംസ്ഥാനങ്ങളിൽ ഒരു ഘട്ടത്തിലും കൃത്യമായ കണക്കുണ്ടായിട്ടില്ല. എന്നാൽ, കേരളത്തിൽ പരമാവധി കേസുകൾ റിപ്പോർട്ട് ചെയ്യുകയാണ്.