കോഴിക്കോട്
പി കെ കുഞ്ഞാലിക്കുട്ടി തോൽവിയുടെ നായകനെന്ന് ലീഗ് നേതൃത്വ കൂട്ടായ്മ. യൂത്ത്ലീഗിന്റെ മുൻനേതാക്കളാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണം കുഞ്ഞാലിക്കുട്ടിയാണെന്ന പരസ്യവിമർശനമുയർത്തിയത്. സമൂഹമാധ്യമങ്ങളിലെ കുഞ്ഞാലിക്കുട്ടി വിമർശനത്തെ പിന്തുണച്ചുള്ള യുവനേതാക്കളുടെ നീക്കം ലീഗിലും പുതിയ ചേരിതിരിവുണ്ടാക്കും.
മുൻയൂത്ത്ലീഗ് നേതാവ് പി എം ഹനീഫയുടെ ഓർമക്കായുള്ള അക്കാദമിയുടെ മറവിലായിരുന്നു കൂട്ടായ്മ. യൂത്ത്ലീഗ് മുൻ സംസ്ഥാന ഭാരവാഹികളായ കെ എം ഷാജി, പി എം സാദിഖലി, ടി ടി ഇസ്മയിൽ, സമദ് പൂക്കാട്, അഷറഫ് കോക്കൂർ തുടങ്ങിയവരുടെ മുൻകൈയിലായിരുന്നു യോഗം. യോഗത്തിൽ ലീഗ് മുഖപത്രം ചന്ദ്രികയുടെ മുൻ പത്രാധിപസമിതി അംഗം റഫീഖ് തിരുവള്ളൂർ തെരഞ്ഞെടുപ്പ് അവലോകനം നടത്തി. തുടർന്നുള്ള ചർച്ചയിലാണ് പാർടി നേതൃത്വത്തെ കൂട്ടായ്മ പ്രതിക്കൂട്ടിലേറ്റിയത്. കെ എം ഷാജിയും പി എം സാദിഖലിയും റഫീഖിന്റെ വിമർശനം ശരിവച്ചു.
പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് പ്രവർത്തകർക്ക് അംഗീകരിക്കാനായില്ല. നിയമസഭാംഗത്വം രാജിവച്ച് ലോക്സഭയിലേക്ക്. അത് രാജിവച്ച് വീണ്ടും നിയമസഭയിലേക്ക്. ഈ ചാഞ്ചാട്ടംകൊണ്ട് പാർടിക്കും സമൂഹത്തിനും എന്ത് നേട്ടമെന്ന് നേതാക്കൾ ചിന്തിച്ചില്ല. എന്നിങ്ങനെ വിമർശനം പല വഴിക്ക് നീണ്ടു. കനത്ത തോൽവിക്ക് ശേഷം ലീഗിൽ പുകയുന്ന ചേരിതിരിവ് പുതിയ വിമതനീക്കത്തിലേക്ക് വളരുന്നതിന്റെ സൂചനയാണ് സംസ്ഥാന ഭാരവാഹികളുൾപ്പെടെ നടത്തിയ പരസ്യവിമർശനങ്ങൾ. യോഗത്തിലെ കെ എം ഷാജിയുടെയും സാദിഖലിയുടെയും പങ്കാളിത്തം പാർടിയിലും പൊട്ടിത്തെറിക്ക് വഴിവെക്കും.