തിരുവനന്തപുരം
സംസ്ഥാനത്ത് 2021–- 22 അധ്യയനവർഷത്തിലെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 24ന് നടത്തും. പ്രോസ്പെക്ടസിന് സർക്കാർ അംഗീകാരം നൽകി. രാവിലെയും വൈകിട്ടുമായി ഒറ്റദിവസമാണ് പരീക്ഷ. ജൂൺ ഒന്നുമുതൽ അപേക്ഷ ഓൺലൈനായി സ്വീകരിക്കും. ജൂലൈ 11ന് നടത്താനായിരുന്നു തീരുമാനം.
കോവിഡ് രണ്ടാംതരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പിന് കൂടുതൽ ക്രമീകരണം ഏർപ്പെടുത്തുമെന്ന് പ്രവേശന പരീക്ഷാ കമീഷണർ ഡോ. എ ഗീത പറഞ്ഞു. ജില്ലാ ആസ്ഥാനങ്ങളിൽമാത്രം പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്ന രീതി മാറ്റി. സംസ്ഥാനത്തെ 77 താലൂക്കിലും പരീക്ഷാകേന്ദ്രം അനുവദിക്കും. അപേക്ഷയിൽ പരീക്ഷാകേന്ദ്രം ഓപ്ഷനായി നൽകാം. ഒരു കേന്ദ്രത്തിൽ കുറഞ്ഞത് 10 പേരെങ്കിലും ഇല്ലെങ്കിൽ തൊട്ടടുത്ത കേന്ദ്രത്തിലേക്ക് മാറ്റും. ഒരു പരീക്ഷാകേന്ദ്രത്തിൽ 300 വിദ്യാർഥികളെ മാത്രമേ അനുവദിക്കൂ.
പ്രവേശന പരീക്ഷാ കമീഷണറുടെ ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ (കീം–-2021) ഉടൻ സജ്ജമാകും. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.ജുലൈ 24 രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്നും (ഫിസിക്സ് & കെമിസ്ട്രി) ഉച്ചയ്ക്ക് 2.30 മുതൽ അഞ്ചുവരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) പരീക്ഷയുമായിരിക്കും. ഓൺലൈൻ അപേക്ഷ സംബന്ധിച്ച വിശദ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.