കോഴിക്കോട്
‘‘ഒന്നരവർഷംമുമ്പാണ് ‘സ്പോർട്സ്’ സൊസൈറ്റിയിൽ ജോലികിട്ടിയത്. കരാറാണെങ്കിലും കുടുംബം നോക്കാനുള്ള വരുമാനമുണ്ടായിരുന്നു. പിരിച്ചുവിട്ടതോടെ അത് നിലച്ചു. മൂന്നുമാസമായി കൂലിപ്പണിയാണ്’’ –- ശബ്ദമിടറി ഫൈസൽ പറഞ്ഞു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പരിഷ്കാരങ്ങളുടെ ഇരയാണ് അഗത്തി സ്വദേശിയായ ഈ ഇരുപത്തിനാലുകാരൻ.
പാലക്കാട്ടും കോഴിക്കോട്ടുമായി ബിരുദവും ബിരുദാനന്തര ബിരുദവും നേടി ദ്വീപിലെത്തിയപ്പോഴാണ് ഫൈസലിന് സ്പോർട്സ് സൊസൈറ്റിയുടെ റസ്റ്റോറന്റിൽ ക്ലർക്കായി ജോലികിട്ടിയത്. ലോകമെമ്പാടും കോവിഡിന്റെ പിടിയിലായപ്പോഴും ദ്വീപ് പ്രതീക്ഷയുടെ പച്ചത്തുരുത്തായിരുന്നു. പുറമെനിന്ന് ആരും വന്നിരുന്നില്ലെങ്കിലും ആഭ്യന്തര സഞ്ചാരികൾ കാര്യമായുണ്ടായിരുന്നു. എന്നിട്ടും ടൂറിസം മേഖല നഷ്ടത്തിലാണെന്ന അധികൃതരുടെ റിപ്പോർട്ടാണ് 190 പേരെ ഒറ്റയടിക്ക് പിരിച്ചുവിടാനിടയാക്കിയത്. അഞ്ഞൂറിലധികം ജീവനക്കാരുണ്ടായിരുന്ന സൊസൈറ്റിയിൽ സ്ഥിരം ജീവനക്കാരും 12 വർഷത്തിലധികം സർവീസുള്ളവരും മാത്രമാണ് ബാക്കിയുള്ളത്.
പതിനൊന്നുവർഷം ജോലിചെയ്തവരെയും പിരിച്ചുവിട്ടു. പലരും കുടുംബം പോറ്റാൻ വരുമാനമില്ലാത്തവരാണ്. ആ കൂട്ടത്തിലാണ് ഫൈസലും. മണലെടുക്കലും വെൽഡിങ്ങും ഫാബ്രിക്കേഷൻ ജോലിയും മാറിമാറി ചെയ്താണ് ഇപ്പോൾ ഫൈസലിന്റെ ഉപജീവനം. സർക്കാർ വകുപ്പുകളിൽ നൂറുകണക്കിനാളുകളാണ് ആറുമാസത്തിനുള്ളിൽ തൊഴിൽരഹിതരായത്. കേരളത്തിലായിരുന്നെങ്കിൽ എന്തെങ്കിലും ജോലിയെടുക്കാമായിരുന്നുവെന്നും ദ്വീപിൽ മുന്നോട്ടുള്ള ജീവിതം ഉറപ്പിക്കാനാവില്ലെന്നും ഫൈസൽ പറയുന്നു.