തിരുവനന്തപുരം
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനുമായി വിശദമായ മാസ്റ്റർ പ്ലാൻ തയാറാക്കാൻ മന്ത്രി പി രാജീവിന്റെ നിർദേശം. ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിക്കും. ഇതിനനുസരിച്ചാകും ഭാവിയിൽ സർക്കാർ പദ്ധതി വിഹിതം സ്ഥാപനങ്ങൾക്ക് അനുവദിക്കുക. കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്താൻ മന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ പിഎസ്സി വഴി നിയമനം നടത്താത്ത തസ്തികകളിൽ കേന്ദ്രീകൃത നിയമനം നടത്താൻ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കും. ഒഴിവുള്ള മാനേജിങ് ഡയറക്ടർമാരുടെ തസ്തികകൾ സെലക്ഷൻ ബോർഡ് വഴി നികത്താനും എംഡിമാരുടെ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കാനും തീരുമാനമായി. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കാനും മന്ത്രി നിർദേശിച്ചു.
പ്രധാന തീരുമാനങ്ങൾ
● സീനിയർ ഉദ്യോഗസ്ഥരുടെ പെർഫോമൻസ് അപ്രൈസൽ സംവിധാനം നടപ്പാക്കാനും പ്രതിമാസ പ്രവർത്തന അവലോകനം നടത്താനുമുള്ള സംവിധാനം നടപ്പാക്കും.
●പ്രവർത്തന മൂലധനം കണ്ടെത്താൻ സ്ഥാപനങ്ങൾ പദ്ധതികൾ ആവിഷ്കരിക്കണം.
● വ്യവസായങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ നടപടി.
● സർവകലാശാലകളിലെ ഗവേഷണ വിഭാഗങ്ങളും വിവിധ കമ്പനികളുമായി ഇതിന് ഉടൻ ചർച്ച നടക്കും.
● വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടർ ബോർഡിൽ മൂന്നിലൊന്ന് പേർ അതാതു മേഖലകളിലെ വിദഗ്ധരാകണം.
● ഈസ് ഓഫ് ഡ്യൂയിങ് ബിസിനസ് ഇൻഡക്സിൽ ആദ്യ 10 സംസ്ഥാനത്തിലൊന്നായി കേരളത്തെ ഉയർത്താൻ നടപടികൾ സ്വീകരിക്കും.