തിരുവനന്തപുരം
സർവകലാശാലകളിൽ അവസാന സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂൺ 15ന് ആരംഭിച്ച് ജൂലൈ 15നകം മൂല്യനിർണയം പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാൻ ധാരണ. കോവിഡ് രണ്ടാംതരംഗ വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ഡൗൺ മാറ്റിയാലുടൻ പരീക്ഷാ നടത്തിപ്പിലേക്ക് കടക്കും. ഒരു മാസത്തിനകം ഫലം പ്രഖ്യാപിക്കാൻ കഴിയുംവിധം പരീക്ഷാ നടത്തിപ്പിനുള്ള മുന്നൊരുക്കം പൂർത്തിയാക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആർ ബിന്ദു നിർദേശം നൽകി. വൈസ് ചാൻസലർമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ പുതിയ അക്കാദമിക് വർഷം ജൂൺ ഒന്നിന് ആരംഭിക്കാനും തീരുമാനിച്ചു. പല ഇന്നർ സെമസ്റ്ററുകളുടെയും ക്ലാസ് ഓൺലൈനായി തുടരുന്നുണ്ട്. ഇവ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകണം. സാങ്കേതിക സർവകലാശാലയും കുസാറ്റും പരീക്ഷ ഓൺലൈനായി നടത്തുമെന്ന് അറിയിച്ചു. മറ്റു സർവകലാശാലകൾ കോവിഡ് സാഹചര്യം വിലയിരുത്തി എഴുത്തുപരീക്ഷ നടത്തും. 31 വരെയാണ് പരീക്ഷാ നടത്തിപ്പുകൾ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യുജിസി) വിലക്കിയത്. ശേഷം അനുകൂലസാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജൂൺ രണ്ടാംവാരം ഒരു ഉന്നതതല യോഗം കൂടി ചേരും.
ഇന്റേണലിന് ഹാജർ ഉൾപ്പെടുത്തില്ല
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഇന്റേണൽ മാർക്കിന് ഹാജർ നിബന്ധന പരിഗണിക്കില്ല. ഇന്റേണൽ മാർക്കിനുള്ള മറ്റ് പഠനപ്രവർത്തനങ്ങൾ വിലയിരുത്തി ഹാജരിനുള്ള മാർക്കുകൂടി അവയിൽ പരിഗണിക്കും.
ഡിജിറ്റൽ പഠന
സങ്കേതങ്ങളിൽ പരിശീലനം
കോളേജ് അധ്യാപകർക്ക് ഓൺലൈൻ, ഡിജിറ്റൽ പഠന സങ്കേതങ്ങളെക്കുറിച്ച് മികച്ച പരിശീലനം നൽകണമെന്ന് എംജി വിസി ഡോ. സാബു തോമസ് യോഗത്തിൽ ആവശ്യപ്പെട്ടു. പാഠഭാഗം അധ്യാപകർ അവതരിപ്പിച്ച് ക്ലാസ് അടിസ്ഥാനത്തിലുള്ള സമൂഹ മാധ്യമ കൂട്ടായ്മയിൽ പങ്കുവയ്ക്കുന്നതിനപ്പുറം യഥാർഥ ഓൺലൈൻ ക്ലാസിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് അധ്യാപകരെ പഠിപ്പിക്കണം. മുഴുവൻ കോളേജ് അധ്യാപകർക്കും ഗുണകരമാകുംവിധം പരിശീലന മൊഡ്യൂൾ വേണമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷ ഒഴിവാക്കാനിടയില്ല
കോവിഡ് വ്യാപനം നിയന്ത്രിക്കാൻ വൈകിയാലും പരീക്ഷ ഉപേക്ഷിച്ചേക്കില്ല. അവസാന സെമസ്റ്റർ പരീക്ഷ ഉപേക്ഷിച്ച് മുൻ സെമസ്റ്റർ ഫലം വിലയിരുത്തി ശരാശരി കണക്കാക്കി മാർക്ക് നൽകണമെന്ന നിർദേശം യോഗത്തിൽ ഉയർന്നു. എന്നാൽ, പരീക്ഷ നടത്തി മാർക്ക് നൽകുന്നത് പരിഗണിക്കണമെന്നായിരുന്നു വിസിമാരുടെ പൊതുഅഭിപ്രായം.