ന്യൂഡൽഹി
വായുവിലൂടെയാണ് കോവിഡ് കൂടുതലായും പടരുന്നതെന്നും രോഗി ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ പുറത്തേക്ക് തെറിക്കുന്ന സൂക്ഷ്മകണങ്ങളിലൂടെയാണിതെന്നും വിശദമാക്കി കേന്ദ്രം കോവിഡ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി. അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം പടരുന്നതെന്ന മുന്നിലപാടാണ് തിരുത്തിയത്.
രോഗികളിൽനിന്ന് പുറത്തുവരുന്ന അണുകണങ്ങൾ വിവിധപ്രതലങ്ങളിൽ ദീർഘനാൾ സജീവമായി തുടരും. എത്രനാൾ സജീവമായിരിക്കുമെന്നത് ഓരോ പ്രതലത്തിന്റെയും സ്വഭാവമനുസരിച്ചാകും. ഇവിടങ്ങളില് തൊട്ടശേഷം കണ്ണിലോ മൂക്കിലോ വായിലോ സ്പർശിച്ചാൽ രോഗം വരും. അണുകണങ്ങൾക്ക് 10 മീറ്റർവരെ വായുവിലൂടെ നീങ്ങാനാകും. മുറികളിലും മറ്റും വായുസഞ്ചാരം പരമാവധി വർധിപ്പിച്ച് അന്തരീക്ഷത്തിലെ അണുസാന്നിധ്യം കുറയ്ക്കാമെന്നും പുതിയ ക്ലിനിക്കല്മാനദണ്ഡത്തില് പറയുന്നു.
വാക്സിന് കേന്ദ്രം സംഭരിക്കണം
കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യണമെന്നും സംഭരണവും വിതരണവും കേന്ദ്രം തന്നെ നടത്തണമെന്നും നിർദേശിച്ച് ലാൻസെറ്റ് സിറ്റിസൺസ് കമീഷൻ. സുതാര്യമായ വിലനിർണയ സംവിധാനം, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ധനസഹായം അനുവദിക്കൽ തുടങ്ങിയ എട്ടിന നിർദേശമാണ് കമീഷന് മുന്നോട്ട് വച്ചത്. പ്രമുഖ വൈറോളജിസ്റ്റ് ഗഗൻദീപ് കാങ് അടക്കം 21 വിദഗ്ധർ ഉൾപ്പെടുന്നതാണ് ലാൻസെറ്റ് സമിതി.