തൃശൂർ
കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ കേരള ആരോഗ്യ സർവകലാശാല കടുത്ത നടപടിയിലേക്ക്. കൃത്രിമം കാണിച്ച വിദ്യാർഥികളെ അഞ്ചുതവണത്തേക്ക് വിലക്കാനും പരീക്ഷാ ഹാളിൽ ഉണ്ടായിരുന്ന അധ്യാപകരെ സകല ചുമതലകളിൽനിന്നും ഒഴിവാക്കാനുമാണ് തീരുമാനം. ആൾമാറാട്ടം നടന്ന അസീസിയ മെഡിക്കൽ കോളേജിൽ ഇനി പരീക്ഷാ സെന്റർ അനുവദിക്കേണ്ടെന്നും തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് കൊല്ലം പൊലീസിൽ പരാതി നൽകാനും വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനും സർവകലാശാല കോളേജ് മാനേജ്മെന്റിനോട് നിർദേശിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചാകും കൂടുതൽ നടപടി.
അവസാനവർഷ എംബിബിഎസ് പാർട്ട് ഒന്ന് മൂല്യനിർണയത്തിനിടെയാണ് പരീക്ഷയിൽ ആൾമാറാട്ടം നടന്നതായി സർവകലാശാല കണ്ടെത്തുന്നത്. മൂന്ന് ഉത്തരക്കടലാസിന്റെ ബാർ കോഡിലാണ് ആദ്യം മാറ്റം കണ്ടെത്തിയത്. മുൻവർഷം തോറ്റ മൂന്നുപേർക്ക് 90 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചതും സംശയത്തിനിടയാക്കി. തുടർന്നാണ് ഇവർ മുമ്പ് എഴുതിയ ഉത്തരക്കടലാസ് പരിശോധിച്ചത്. ഇതിൽനിന്ന് കൈയക്ഷരം വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞു. വിദ്യാർഥികൾ ഹാളിൽ ഹാജരായശേഷം പുറത്തുനിന്ന് ആരോ എഴുതിയ ഉത്തരക്കടലാസ് തിരുകിക്കയറ്റിയെന്നാണ് വിവരം. പരീക്ഷാ വീഴ്ചകളും തെറ്റുകളും കണ്ടെത്തുന്ന ഉന്നതസമിതി കാര്യങ്ങൾ പരിശോധിച്ചു. ഗവേണിങ് ബോഡി ചേർന്നാണ് നടപടി സ്വീകരിച്ചത്. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ, ചാൻസലറായ ഗവർണർ ആരിഫ് മൊഹമ്മദ്ഖാനെയും കാര്യങ്ങൾ ധരിപ്പിച്ചു. കൃത്യമായ നടപടികൾ പൂർത്തീകരിച്ച് കർശന നടപടിയെടുക്കാൻ ചാൻസലർ നിർദേശിച്ചു.
പരീക്ഷയെഴുതിയ എല്ലാവരെയും അന്വേഷണസമിതി വിളിപ്പിച്ചിരുന്നു. ഇതിൽ മൂന്നുപേർക്ക് സ്വന്തം ഉത്തരക്കടലാസ് തിരിച്ചറിയാനായില്ല. തങ്ങളുടെ ഉത്തരക്കടലാസ് മാറ്റി എഴുതിയവരെക്കുറിച്ച് അറിയില്ലെന്നാണ് ഇവർ മൊഴി നൽകിയത്. എന്നാൽ, പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ ഉത്തരക്കടലാസ് കുട്ടികളുടേതാണെന്ന് അഭിപ്രായപ്പെട്ടു. ഇതോടെയാണ് തട്ടിപ്പിൽ അധ്യാപകർക്കും ബന്ധമുണ്ടെന്ന് സൂചന ലഭിച്ചത്.
മന്ത്രി വീണ ജോർജ്
റിപ്പോർട്ട് ആവശ്യപ്പെട്ടു
എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതിനെപ്പറ്റി അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർക്ക് മന്ത്രി വീണ ജോർജ് നിർദേശം നൽകി. ഇതുസംബന്ധിച്ച് റിപ്പോർട്ടും മന്ത്രി ആവശ്യപ്പെട്ടു.
പിന്നിൽ പരീക്ഷാ ചീഫ് സൂപ്രണ്ടും ഓർത്തോ വിഭാഗം മേധാവിയും
മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയത് മൂന്നു വിദ്യാർഥികൾക്കായി. നബീൽ സാജിദ്, പ്രണവ് ജി മോഹൻ, മിഥുൻ ജംസിൽ എന്നീ വിദ്യാർഥികൾക്കായാണ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയതെന്ന് ആരോഗ്യ സർവകലാശാല കണ്ടെത്തി. ഇതിന് അവസരമൊരുക്കിയത് നബീലിന്റെ അച്ഛനും അസീസിയ കോളേജിലെ ഓർത്തോവിഭാഗം മേധാവിയുമായ ഡോ. സാജിദും പരീക്ഷാ ചീഫ് സൂപ്രണ്ട് കർണാടക സ്വദേശിയായ എ ജി പ്രകാശുമാണെന്ന് സർവകലാശാലയ്ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജിലെ അനാട്ടമി വിഭാഗം മേധാവികൂടിയായ ചീഫ് സൂപ്രണ്ടിനെയും മൂന്ന് ഇൻവിജിലേറ്റർമാരെയും പരീക്ഷാ ജോലിയിൽനിന്ന് ഒഴിവാക്കി. ഡോ. സാജിദ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റിട്ട. പ്രൊഫസറാണ്. ഇവരുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. അസീസിയ മെഡിക്കൽ കോളേജിലെ പരീക്ഷാകേന്ദ്രം സർവകലാശാല റദ്ദാക്കിയിരുന്നു. ഇനിയുള്ള പരീക്ഷകളിൽനിന്ന് കുറ്റാരോപിതരായ മൂന്നു വിദ്യാർഥികളെയും വിലക്കി.
10 വർഷം കഴിഞ്ഞിട്ടും
പാസായില്ല
കോളേജിൽ 2011ൽ ബി ഫോർ ബാച്ചിൽ എംബിബിഎസിന് പ്രവേശനം ലഭിച്ച ഈ മൂന്നുപേർ പത്തുവർഷം കഴിഞ്ഞിട്ടും പാസായില്ല. സ്ഥിരമായി തോൽക്കുന്ന ഇവർക്ക് ഈവർഷം ആദ്യം നടന്ന സപ്ലിമെന്ററി പരീക്ഷയിൽ ആൾമാറാട്ടത്തിലൂടെ 95 ശതമാനം മാർക്ക് ലഭിച്ചു. ഉത്തരക്കടലാസിൽ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തുന്ന ഭാഗം കീറിമാറ്റിയതും ബാക്കിയും പ്രത്യേകം കവറുകളിലായാണ് സർവകലാശാലയിലേക്ക് അയച്ചത്. മൂല്യനിർണയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മൂന്നുപേരുടെ ഉത്തരക്കടലാസുകളിൽ കീറിയെടുത്ത ഭാഗത്തെയും അവശേഷിക്കുന്ന ഭാഗത്തെയും ബാർ കോഡ് ചേരുന്നില്ലെന്ന് കണ്ടെത്തി. തുടർന്ന് മൂന്നു വിദ്യാർഥികളെയും വിളിച്ചുവരുത്തി. ഉത്തരക്കടലാസുകളിലെ കൈയക്ഷരം തങ്ങളുടേതല്ലെന്ന് വിദ്യാർഥികൾ സമ്മതിച്ചു. കോളേജ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയത്.
കോളേജിന്
ബന്ധമില്ലെന്ന്
വൈസ് പ്രിൻസിപ്പൽ
കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ നടന്ന എംബിബിഎസ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ കോളേജിനു പങ്കില്ലെന്ന് വൈസ് പ്രിൻസിപ്പൽ ഡോ. റിയാസ് അറിയിച്ചു. ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജനുവരി ആറിന് സർവകലാശാലാ നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് പരീക്ഷ നടന്നത്. പരീക്ഷാ ഹാളിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ജാമർ ഉള്ളതിനാൽ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാനാകില്ല. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനുള്ള ഒരു സാഹചര്യവും കോളേജിലില്ലെന്നും ഡോ. റിയാസ് പറഞ്ഞു.