തിരുവനന്തപുരം
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഇനിയും കടിച്ചുതൂങ്ങാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ അറിയിച്ചു. തെരഞ്ഞെടുപ്പുതോൽവി സംബന്ധിച്ച റിപ്പോർട്ട് ജൂൺ ഒന്നിന് ഹൈക്കമാൻഡ് പരിഗണിക്കുമെന്നാണ് വിവരം. സ്ഥാന നഷ്ടം ഉറപ്പായ സാഹചര്യത്തിൽ എത്രയുംവേഗം തന്നെ ചുമതലയിൽനിന്ന് നീക്കണമെന്നാണ് മുല്ലപ്പള്ളിയുടെ ആവശ്യം.
കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതിൽ പൂർണമായും നിസ്സംഗതയിലാണ് മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. തങ്ങളെ പടിക്കുപുറത്തുനിർത്തി വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിനാൽ ഇക്കാര്യവും ഹൈക്കമാൻഡ് തീരുമാനിച്ചാൽ മതിയെന്ന നിലപാടിലാണ് ഇരുവരും. ഇരുഗ്രൂപ്പും പേരുകളൊന്നും നിർദേശിക്കില്ലെങ്കിലും തങ്ങൾക്ക് താൽപ്പര്യമില്ലാത്തവർ പരിഗണനയിൽ വന്നാൽ കൂട്ടായി എതിർക്കാനാണ് തീരുമാനം.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ വിശ്വാസത്തിലെടുത്താണ് ചെന്നിത്തലയെ വെട്ടി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് നിയോഗിച്ചത്.
ഇത് എ, ഐ ഗ്രൂപ്പ് മാനേജർമാരെ ഒരുപോലെ ചൊടിപ്പിച്ചിട്ടുണ്ട്.
പരിഗണനയിൽ സുധാകരൻ; വെട്ടാൻ എയും ഐയും
കെ സി വേണുഗോപാൽ തന്നെയാണ് കെപിസിസി പ്രസിഡന്റുസ്ഥാനത്തേക്കും ഹൈക്കമാൻഡിൽ ചരടുവലിക്കുന്നത്. കെ സുധാകരൻ ഉൾപ്പെടെയുള്ളവർ പരിഗണനയിലുണ്ട്. എന്നാൽ, ഈ നീക്കത്തെ എ, -ഐ ഗ്രൂപ്പ് ഒറ്റക്കെട്ടായി എതിർക്കും. വേണുഗോപാലിനും സതീശനും താൽപ്പര്യമുള്ള മറ്റൊരാൾ അപ്രതീക്ഷിതമായി കെപിസിസിയുടെ തലപ്പത്തെത്താനുള്ള സാധ്യതയുമുണ്ട്. ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പായി പുതിയ ചേരി രൂപപ്പെടുത്താനാണ് സതീശനെ മുന്നിൽനിർത്തി വേണുഗോപാൽ ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നേതൃപദത്തിൽനിന്ന് അവഗണിക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനും പി ടി തോമസും ഉൾപ്പെടെയുള്ള നേതാക്കൾ കടുത്ത പ്രതിഷേധത്തിലാണ്. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ സുധാകരനെ പരിഗണിക്കുകയാണെങ്കിൽ തങ്ങൾക്കും അതിന് അർഹതയുണ്ടെന്ന വാദമാണ് ഇവർ ഉയർത്തുന്നത്.
കെപിസിസി പ്രസിഡന്റിനെ നിയമിക്കാനും കോൺഗ്രസ് എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാൻഡ് ആരായുമെന്ന് റിപ്പോർട്ടുണ്ട്. ഇത് സംഘടനാവിരുദ്ധമായ നീക്കമാണെന്നാണ് പുതിയ ചേരിയിൽ ഒഴികെയുള്ള നേതാക്കളുടെ നിലപാട്.