തിരുവനന്തപുരം
പൊതുവിഷയങ്ങളിൽ തന്റേതായ അഭിപ്രായം പറയുമെന്ന് സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കി. സ്പീക്കർ എന്ന ഉത്തരവാദിത്തത്തിന്റെ അന്തസ്സും അത് നിർവഹിക്കുമ്പോൾ പാലിക്കേണ്ട ഔചിത്യവും ഉറപ്പാക്കിമാത്രമാകും അഭിപ്രായ പ്രകടനങ്ങളെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പുതിയ സ്പീക്കറെ അനുമോദിച്ചുള്ള പ്രസംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയായിരുന്ന അദ്ദേഹം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കറെ അനുമോദിച്ചുസംസാരിക്കവെ, സഭയ്ക്കുപുറത്ത് രാഷ്ട്രീയം പറയുമെന്ന് എം ബി രാജേഷ് പറഞ്ഞതായുള്ള മാധ്യമവാർത്തകൾ ചൂണ്ടിക്കാട്ടി വിമർശിച്ചിരുന്നു. കക്ഷിരാഷ്ട്രീയം പറയുമെന്നല്ല, കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി സ്പീക്കർ പ്രവർത്തിക്കുകയില്ലെന്നാണ് താൻ പറഞ്ഞതെന്ന് സ്പീക്കർ വ്യക്തമാക്കി.
നിയമസഭാ സ്പീക്കർ ആയി ചുമതലയേറ്റ എം ബി രാജേഷ് സഭയ്ക്ക് മുന്നിലെ ഇ എം എസ് പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു
സഭയ്ക്കുപുറത്ത് ഉയർന്നുവരുന്ന പൊതുവായ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക വിഷയങ്ങളിൽ അഭിപ്രായം പറയും. സ്പീക്കർക്ക് അഭിപ്രായങ്ങൾ പാടില്ലെന്ന ധാരണയില്ല. രാഷ്ട്രീയമെന്നാൽ കക്ഷിരാഷ്ട്രീയം മാത്രവുമല്ല. സഭയുടെ സമയം കരുതലോടെയും കാര്യക്ഷമമായും വിനിയോഗിക്കാനുള്ള നിഷ്കർഷയും ഉണ്ടാകുമെന്ന് പിന്നീട് വാർത്താ സമ്മേളനത്തിൽ സ്പീക്കർ വ്യക്തമാക്കി. മുൻവിധികളോടെയുള്ള നടപടികളൊന്നും ഉണ്ടാകില്ല. സഭയ്ക്കകത്തും പുറത്തും തുറന്ന സമീപനമായിരിക്കും. സർക്കാരിന്റെ കാര്യപരിപാടിക്കൊപ്പം പ്രതിപക്ഷത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള ഇടപെടലുകളുമുണ്ടാകും. പാർലമെന്റിൽ പത്തുവർഷം പ്രതിപക്ഷ അംഗമായി പ്രവർത്തിച്ചതിൽനിന്നുള്ള അനുഭവങ്ങൾ ഇതിന് കരുത്താകുമെന്നാണ് പ്രതീക്ഷ. ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാ അംഗങ്ങൾക്കും തുല്യപ്രാധാന്യം ഉറപ്പാക്കും.
ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നീതിപൂർവം നിറവേറ്റും. കടലാസ് രഹിത നിയമസഭ, സമ്പൂർണ ഡിജിറ്റലൈസേഷൻ തുടങ്ങിയ നൂതന ആശയങ്ങളുടെ നടപ്പാക്കൽ കൂടുതൽ വേഗത്തിലാക്കും. സഭാ ടിവിയിലൂടെ നിയമസഭാ നടപടികളുടെ പൂർണസമയ തത്സമയ സംപ്രേഷണം എന്നതിൽ കൂടുതൽ ചർച്ച ആവശ്യമാണ്. സഭാ സമിതികളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കാൻ ആവശ്യമായ പ്രവർത്തനം തുടരുമെന്നും സ്പീക്കർ പറഞ്ഞു. ലക്ഷദ്വീപിലെ സംഭവ വികാസങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.