തിരുവനന്തപുരം
അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വം കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ ശങ്കരനാരായണൻ തമ്പി മുതലുള്ള പ്രഗത്ഭരായ സ്പീക്കർമാരുടെ നിരയ്ക്കുചേരുന്ന വ്യക്തിയെത്തന്നെ 15–-ാം സഭയ്ക്കും ലഭിച്ചു. എം ബി രാജേഷിനെ സ്പീക്കറായി തെരഞ്ഞെടുത്തശേഷം അനുമോദിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ജനാഭിലാഷം പ്രതിഫലിപ്പിക്കുകയും ജനങ്ങൾക്കും നാടിനുമായി നിയമനിർമാണത്തിൽ ഭാഗഭാക്കാവുകയുമാണ് നിയമസഭാംഗങ്ങളുടെ കടമ. ഇത് അർഥപൂർണമായി നിറവേറ്റാനും സർക്കാരിന്റെ നടപടിക്രമം കാര്യക്ഷമമായി ഉറപ്പാക്കാനുമുള്ള അന്തരീക്ഷം സഭയിൽ നിലനിർത്തുകയെന്ന ഉത്തരവാദിത്തം സ്പീക്കർക്കുണ്ട്. അത് എല്ലാ അർഥത്തിലും നിറവേറ്റാൻ പുതിയ സ്പീക്കർക്ക് കഴിയും.
വിവിധ തലങ്ങളിൽ പ്രവർത്തനാനുഭവവും വ്യത്യസ്ത വിഷയങ്ങളിൽ അറിവും സ്പീക്കറെന്ന നിലയിൽ രാജേഷിനെ സഹായിക്കും. വിദ്യാർഥി, യുവജന പ്രസ്ഥാനത്തിന്റെ നേതാവ് എന്നനിലയിലെ സമരപാരമ്പര്യവും പൊലീസ് മർദനംമുതൽ ജയിൽവാസംവരെ നീളുന്ന പീഡനങ്ങളും ലോക്സഭയിലെ പാർലമെന്ററി പ്രവർത്തനവും പാർലമെന്ററി സമിതികളിലെ പങ്കാളിത്തവും രാജേഷിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തി. പഠനത്തിലൂടെയും അഭിഭാഷകവൃത്തിയിലൂടെയും ആർജിച്ച അനുഭവസമ്പത്തുമുണ്ട്. ബഹുമുഖ വ്യക്തിത്വമായ എം ബി രാജേഷിന് ശ്രദ്ധേയമായ നിലയിൽ സഭയെ നയിക്കാൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിനു മാതൃകയായ കേരളനിയമസഭയുടെ മൂല്യവും അന്തസ്സും ഉയർത്തിപ്പിടിക്കാൻ രാജേഷിനാകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആശംസിച്ചു. കക്ഷിനേതാക്കളായ ഇ ചന്ദ്രശേഖരൻ, മന്ത്രി അഹമ്മദ് ദേവർകോവിൽ, കെ ബി ഗണേശ്കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, കോവൂർ കുഞ്ഞുമോൻ, ആന്റണി രാജു, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, മാത്യു ടി തോമസ്, അനൂപ് ജേക്കബ്, തോമസ് കെ തോമസ്, മാണി സി കാപ്പൻ എന്നിവരും അഭിനന്ദിച്ചുസംസാരിച്ചു. സ്പീക്കർ എം ബി രാജേഷ് നന്ദി രേഖപ്പെടുത്തി.