തിരുവനന്തപുരം
പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ പ്രവർത്തനം കാലം വിലയിരുത്തുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനും ക്രിയാത്മക പ്രതിപക്ഷമായിരുന്നു. നിർണായക ഘട്ടത്തിൽ സർക്കാരുമായി സഹകരിച്ചിട്ടുണ്ട്. എതിർക്കേണ്ടവ ശക്തമായി എതിർത്തു. അതേസമയം, തനിക്ക് എത്രമാത്രം പിന്തുണ തന്നിട്ടുണ്ടെന്ന് ആലോചിക്കണമെന്നും കോൺഗ്രസ് നേതാക്കളോടായി ചെന്നിത്തല പറഞ്ഞു. തന്റെ പ്രവർത്തനങ്ങളെ വേണ്ടവിധം ജനങ്ങളിലേക്ക് എത്തിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് ഒഴിഞ്ഞ്, നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് ഒപ്പമുള്ള കോൺഗ്രസ് നേതാക്കളെ ഉൾപ്പെടെ പൊള്ളിക്കുന്ന ചോദ്യങ്ങളുമായി ചെന്നിത്തല രംഗത്തുവന്നത്.
പോസ്റ്റിലെ പ്രസക്തഭാഗം:
‘അഞ്ചുവർഷം പ്രതിപക്ഷ നേതാവ് എന്നനിലയിൽ മുൻനിരയിൽനിന്നു നയിച്ച ഞാൻ ഇന്ന് രണ്ടാം നിരയിലാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലം എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് ഞാൻ നടത്തിയത്. സർക്കാരിന്റെ നല്ല ചെയ്തികളെ പിന്തുണയ്ക്കുന്നതിനൊപ്പം സംസ്ഥാന താൽപ്പര്യങ്ങൾക്കുവേണ്ടി യോജിച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വേദിയാണ് ഈ സഭയുടേത്. ക്രിയാത്മക പ്രതിപക്ഷമെന്ന നിലയിൽ കൃത്യമായി പ്രവർത്തിക്കാൻ സാധിച്ചു എന്ന ചാരിതാർഥ്യമുണ്ട്. ഒരു തുള്ളി രക്തംപോലും ഈ മണ്ണിൽ ചൊരിയിക്കാതെ, ഒരു കെഎസ്ആർടിസി ബസിന്റെ ചില്ല് പോലും ഉടയാതെ, എങ്ങനെ പ്രതിപക്ഷപ്രവർത്തനം നടത്താൻ കഴിയുമെന്ന് തെളിയിച്ച കാലഘട്ടമാണ് കടന്നുപോയത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് സ്ഥാനം ഒഴിയുന്നത്. എന്റെ പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെ. എത്രമാത്രം പിന്തുണ എന്റെ പ്രവർത്തനങ്ങളിൽ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെ. സംസ്ഥാന താൽപ്പര്യത്തിനും ജനങ്ങൾക്കുവേണ്ടിയും നടത്തിയ പ്രവർത്തനങ്ങൾ എത്രമാത്രം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു എന്നത് പഠനാർഹമാകട്ടെ. സഹകരിച്ച എല്ലാവരോടും നന്ദി. ’