കൊച്ചി
ലക്ഷദ്വീപ് നിവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ ക്രൂരതകൾക്കെതിരെ ഗായകരായ സിതാര കൃഷ്ണകുമാറും ഷഹബാസ് അമനും നടൻ ഹരിശ്രീ അശോകനും. ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്നും സിതാര ഫെയ്സ്ബുക്കിൽ കുറിച്ചു.
പണ്ടേ അറിയാം ദ്വീപ് മുട്ടായിപോലെ മധുരമുള്ള അവിടത്തുകാരുടെ മനസ്സ്. കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറെ ഇടവഴികളും നല്ല മനുഷ്യരും! കരയെന്നാൽ അവർക്ക് കേരളമാണ്! ദ്വീപിൽനിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ പഠിച്ചിരുന്നതുകൊണ്ടുതന്നെ പണ്ടേ അറിയാം. ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണെന്നും സിതാര കുറിച്ചു.എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികൾക്കൊപ്പം നിൽക്കേണ്ട സമയമാണിതെന്ന് ഗായകൻ ഷഹബാസ് അമൻ ഫെയ്സ്ബുക്കിൽ എഴുതി. ഇപ്പോൾ കൂടെനിന്നില്ലെങ്കിൽ, ആരും അവരെ സഹായിച്ചില്ലെങ്കിൽ, ഒരുപക്ഷേ എത്ര ശാന്തരാണെങ്കിലും നാളെ അവർക്കും പ്രത്യാക്രമണപരമായി ചിന്തിക്കേണ്ടിവന്നേക്കാം. എല്ലാവരും ഒന്നിച്ച് അണിനിരക്കുന്ന ‘സേവ് ലക്ഷദ്വീപ്’ എന്ന ഒരു ഹാഷ് ടാഗ് മതിയാകുമായിരിക്കാം, ഒരുപക്ഷേ ഇന്ന് അവരെ രക്ഷിക്കാനെന്നും ഷഹബാസ് അമൻ കൂട്ടിച്ചേർത്തു.
സുന്ദരവും സുരക്ഷിതവുമായിരുന്ന ലക്ഷദ്വീപിനുമേൽ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തിൽ അവർക്കൊപ്പം വേദനിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതായി നടൻ ഹരിശ്രീ അശോകൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മഹാമാരികൊണ്ട് വിറങ്ങലിച്ചും തളർന്നും നിൽക്കുന്ന മനുഷ്യരുടെമേൽ, പ്രതികരിക്കുകയില്ല എന്ന വിശ്വാസത്തോടെ അധികാരകേന്ദ്രങ്ങൾ നടത്തുന്ന ശ്രമങ്ങൾ അനീതിയാണ്. ലക്ഷദ്വീപിലെ ജനങ്ങളുടെ പാരമ്പര്യജീവിതത്തെയും വിശ്വാസസംസ്കാരത്തെയും ഹനിച്ചുകൊണ്ട് വേണോ ദ്വീപുസംരക്ഷണം. ഇത്തരം തുഗ്ലക് പരിഷ്കാരം ജനങ്ങളെ ഭിന്നിപ്പിക്കാനും അസ്വസ്ഥരാക്കാനും മാത്രമേ ഉപകരിക്കൂ. മനുഷ്യരുടെ സ്വാതന്ത്ര്യതാൽപ്പര്യത്തെ മനസ്സിലാക്കാതെയുള്ള എല്ലാ തീരുമാനങ്ങളിൽനിന്നും ഭരണാധികാരികൾ പിന്മാറിയേ മതിയാവൂയെന്നും ലക്ഷദ്വീപിലെ സാധാരണക്കാരായ മനുഷ്യർക്കൊപ്പമാണ് താനെന്നും -ഹരിശ്രീ അശോകൻ വ്യക്തമാക്കി.