കോട്ടയം
കോൺഗ്രസ് പാർടിയെ അപകടപ്പെടുത്തിയ ഗ്രൂപ്പിസത്തിന്റെ ഒന്നാമത്തെ ഇര സ്ത്രീകളാണെന്ന് സംസ്ഥാന മഹിള കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷ് പറഞ്ഞു. കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന വിവരം വെളിപ്പെടുത്താൻ പ്രസ് ക്ലബ്ബിൽ വിളിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇഷ്ടമില്ലാത്തവരെ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കുന്ന പ്രതിഭാസവും ഇപ്പോൾ കോൺഗ്രസിലുണ്ട്.
സമകാലിക പ്രാധാന്യമുള്ള ഒരു വിഷയത്തിലും ആ പാർടിക്ക് പ്രതികരണമില്ല. രാഹുൽ ഗാന്ധി ഇന്റർവ്യൂ ചെയ്താണ് മഹിളാ പ്രസിഡന്റായി നിയമിച്ചത്. സംഘടനാതലത്തിൽ കേരളത്തിലെ കോൺഗ്രസിൽ 30ഓളം പുരുഷന്മാരും ഒരു സ്ത്രീയും എന്ന അവസ്ഥയായിരുന്നത് താൻ സോണിയ ഗാന്ധിയുടെ ശ്രദ്ധയിൽപെടുത്തി. അതിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് തനിക്ക് കാരണംകാണിക്കൽ നോട്ടീസ് തന്നു.
എൻസിപി സംസ്ഥാന പ്രസിഡന്റ്പദം ഏറ്റെടുത്ത പി സി ചാക്കോ ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെത്തി നേരിൽകണ്ടത്. എൻസിപിയിൽ ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനം അതേതുടർന്നാണ്. 10 വനിതാ എംഎൽഎമാരേയും മൂന്ന് വനിതാ മന്ത്രിമാരേയും തെരഞ്ഞെടുത്ത എൽഡിഎഫ് നേതൃത്വത്തേയും ലതിക അഭിനന്ദിച്ചു. കോൺഗ്രസിൽനിന്ന് കൂടുതൽ വനിതകളുൾപ്പെടെ എൻസിപിയിലേക്ക് വരുമെന്നും അവർ പറഞ്ഞു.