ന്യൂഡൽഹി
അമേരിക്കയിൽ ആകെ ജനസംഖ്യയുടെ പകുതിയും രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തപ്പോൾ ഇന്ത്യയിൽ രണ്ടു ഡോസും ലഭിച്ചവർ വെറും മൂന്നു ശതമാനം മാത്രം. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രണ്ടുഡോസും കിട്ടിയത് 4.21 കോടി പേർക്ക് മാത്രം; യുഎസില് 17 കോടി പേർക്കും. ഇന്ത്യയിൽ ആകെ കുത്തിവയ്പ് 19.64 കോടി, യുഎസിൽ 28.7 കോടി. 24കോടിയോളം ആളുകളാണ് കോവിൻ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. ഇതിൽ 9.23 കോടി പേർ 18നും 45നും ഇടയിലുള്ളവര്. ചൊവ്വാഴ്ച കുത്തിവയ്പ് 20.16 ലക്ഷം മാത്രം.
വാക്സിനായി പണം മുടക്കുന്നതിലും മുൻകൂർ ബുക്ക് ചെയ്യുന്നതിലും ഇന്ത്യ ഏറെ പിന്നോക്കം പോയെന്ന് പ്രമുഖ വൈറോളജിസ്റ്റും മെഡിക്കൽ ഓക്സിജൻ വിഷയത്തിൽ സുപ്രീംകോടതി നിയമിച്ച സമിതിയുടെ അധ്യക്ഷയുമായ ഡോ. ഗഗൻദീപ് കാങ് പറഞ്ഞു. യുഎസും യൂറോപ്യൻ രാജ്യങ്ങളും കമ്പനികൾക്ക് മുൻകൂട്ടി പണം നൽകുകയും വാക്സിൻ പൂർണമായി തയ്യാറാക്കുന്നതിന് മുമ്പായി ആവശ്യമായത് ബുക്ക് ചെയ്യുകയും ചെയ്തു. യുഎസും ഇയുവും നവംബറിൽ തന്നെ 70 കോടി ഡോസ് മുൻകൂറായി ഓർഡർ ചെയ്തു–- കാങ് ചൂണ്ടിക്കാട്ടി.കോവിഡ് വാക്സിന് ഈടാക്കുന്ന ജിഎസ്ടിയുടെ കാര്യത്തിൽ വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ തീരുമാനമെടുത്തേക്കും. നിലവിൽ വാക്സിന് അഞ്ചു ശതമാനമാണ് ജിഎസ്ടി. ഇത് കുറയ്ക്കണമെന്ന് നിർദേശമുണ്ട്.