കൊച്ചി
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രിയും ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനും കൂട്ടുപ്രതികളായ സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ വിചാരണ അനുമതി തേടി വിജിലൻസ്. സ്ഥാനമൊഴിഞ്ഞ ജനപ്രതിനിധികളും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും അഴിമതിക്കേസിൽ പ്രതികളാണെങ്കിൽ വിചാരണയ്ക്ക് സർക്കാർ അനുമതി ആവശ്യമാണ്. ഇതേത്തുടർന്നാണ് വിജിലൻസ് നടപടി.
ഇബ്രാഹിംകുഞ്ഞിന്റെ വിചാരണയ്ക്ക് അനുമതി ആവശ്യപ്പെട്ട് ഗവർണർക്കും ഐഎഎസ് ഉദ്യോഗസ്ഥരുടെ വിചാരണയ്ക്കായി കേന്ദ്ര സർക്കാരിനും കത്ത് നൽകി. മറ്റ് ഉദ്യോഗസ്ഥർക്കായി അതത് സ്ഥാപനത്തെയാണ് സമീപിച്ചിട്ടുള്ളത്. അനുമതി ലഭിച്ചാലുടൻ കുറ്റപത്രം നൽകും. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
പൊതുമരാമത്തുവകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജ്, ആർബിഡിസികെ മുൻ എംഡി മുഹമ്മദ് ഹനീഷ് എന്നിവർ ഉൾപ്പെടെ 13 പേരാണ് കേസിലെ പ്രതികൾ. അഞ്ചാംപ്രതി വി കെ ഇബ്രാഹിംകുഞ്ഞിനെ 2020 നവംബർ 18-നാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി കർശനോപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
പാലം നിർമാണ കരാർ ഏറ്റെടുത്ത ആർഡിഎസ് കമ്പനി എംഡി സുമിത് ഗോയലാണ് ഒന്നാംപ്രതി. ആർബിഡിസികെ മുൻ അസി. ജനറൽ മാനേജർ എം ടി തങ്കച്ചൻ, കിറ്റ്കോ എംഡിയുടെ ചുമതലയുണ്ടായിരുന്നു ബെന്നി പോൾ, കിറ്റ്കോ സീനിയർ കൺസൾട്ടന്റ് എം എസ് ഷാലിമാർ, കിറ്റ്കോ പ്രിൻസിപ്പൽ കൺസൾട്ടന്റ് നിഷ തങ്കച്ചി, മഞ്ചുനാഥ, പൊതുമരാമത്തുവകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറി കെ സോമരാജൻ, കിറ്റ്കോ കൺസൾട്ടന്റ് എ എച്ച് ഭാമ, കിറ്റ്കോ മുൻ സീനിയർ കൺസൾട്ടന്റ് ജി സന്തോഷ്, നാഗേഷ് കൺസൾട്ടന്റ് മാനേജിങ് പാർട്ണർ ബി വി നാഗേഷ് എന്നിവരാണ് മറ്റു പ്രതികൾ.