മലപ്പുറം
കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ പ്രതാപകാലത്ത് വിസ്മയം തീർത്ത മൂന്ന് കളിക്കാർ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നു. മുൻ ഇന്ത്യൻ നായകൻ സി വി പാപ്പച്ചൻ, പൊലീസ് ടീം ഗോൾ കീപ്പർ പി ടി മെഹബൂബ്, മുന്നേറ്റക്കാരൻ സി എം സുധീർകുമാർ എന്നിവരാണ് 31ന് കാക്കികുപ്പായം അഴിക്കുന്നത്. യു ഷറഫലി, കുരികേശ് മാത്യു, കെ ടി ചാക്കോ, തോബിയാസ്, ബാബുരാജ്, രാജേന്ദ്രൻ, അലക്സ് തുടങ്ങിയവർ ഏതാനും മാസങ്ങൾക്ക് മുമ്പ് വിരമിച്ചു. വി പി സത്യൻ, സി ജാബിർ, ലിസ്റ്റൺ എന്നിവർ അകാലത്തിൽ വിടപറഞ്ഞു. സുവർണ ടീമിലെ ‘ബേബി’യായ ഐ എം വിജയനാണ് ഇനി കേരള പൊലീസിൽ സർവീസിലുള്ള പ്രമുഖൻ.
തൃശൂർ പറപ്പൂർ സ്വദേശിയ സി വി പാപ്പച്ചൻ കേരള വർമ്മ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിൽ കളിച്ചാണ് ശ്രദ്ധേയനായത്. മികച്ച പ്രകടനം 1985ൽ പൊലീസിൽ എത്തിച്ചു. 14 വർഷം പൊലീസ് ടീമിൽ കളിച്ചു. പാപ്പച്ചൻ നയിച്ച ഇന്ത്യൻ ടീം ശ്രീലങ്കയിൽ നടന്ന പ്രീസ്റ്റോൾ ഫ്രീഡം കപ്പിൽ ജേതാക്കളായി. 1992ലും 1993ലും സന്തോഷ്ട്രോഫി നേടിയ കേരള ടീമിലും രണ്ട് തവണ ഫെഡറേഷൻ കപ്പ് നേടിയ പൊലീസ് ടീമിലും അംഗമായിരുന്നു.
ജിവി രാജ പുരസ്കാരം, ഡ്യൂറാൻഡന്റ് കപ്പിൽ മികച്ച താരം, ഫെഡറേഷൻ കപ്പിൽ മികച്ച കളിക്കാരൻ, മികച്ച കളിക്കാരനുള്ള കേരള ഫുട്ബോൾ അസോസിയേഷൻ പുരസ്കാരം, ജിമ്മി ജോർജ് അവാർഡ്, ഇ സി ഭരതൻ അവാർഡ് അടക്കം പത്തിലധികം ബഹുമതികൾ സ്വന്തമാക്കി. 2020ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു. കേരള പൊലീസ് അക്കാദമിയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ്(ഔട്ട്ഡോർ) വിരമിക്കുന്നത്.
തൃശൂർ മുണ്ടൂർ കേന്ദ്രീകരിച്ച് ഗോൾകീപ്പർമാർക്കായി അക്കാദമി തുടങ്ങാണ് പദ്ധതി. സംഗീത പ്രേമിയായ പാപ്പച്ചൻ വിരമിച്ച ശേഷം ആ മേഖലയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സംഗീതവും ചെണ്ടയും സാക്സഫോണും പഠിക്കുന്നുണ്ട്.
കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയ പി ടി മെഹബൂബ് 1982ൽ സബ്ജൂനിയർ ദേശീയ കിരീടം നേടിയ കേരള ടീമിൽ അംഗമായിരുന്നു. ബാങ്കോക്കിൽ നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വല കാത്തു. 1985ൽ പൊലീസിലെത്തി. 1992ൽ കേരളം സന്തോഷ്ട്രോഫി നേടിയ ടീമിൽ അംഗമായിരുന്നു. രണ്ട് തവണ (1991, 1992) ഫെഡറേഷൻ കപ്പ് നേടിയ പൊലീസ് ടീമിലും അംഗം. ഇന്ത്യൻ പൊലീസ് ടീമിലും ഇടംപിടിച്ചു. 1986ൽ ജിവി രാജ പുരസ്കാരവും 2020ൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചു. പൊലീസ് കുപ്പായം അഴിച്ചാലും പരിശീലകനായി മെഹബൂബ് കളിക്കളത്തിൽ ഉണ്ടാകും. കണ്ണൂർ മാമ്പറം കായലം സ്വദേശിയായ സി എം സുധീർകുമാർ പൊലീസിന്റെ മുന്നേറ്റനിര താരമായിരുന്നു. നാല് വർഷം കെൽട്രോണിന്റെ ബൂട്ട് കെട്ടിയ ശേഷം 1988ലാണ് പൊലീസിൽ എഎസ്ഐയായി എത്തുന്നത്. ഫെഡറേഷൻ കപ്പ് നേടിയ പൊലീസ് ടീമിലും ദേശീയ പൊലീസ് കിരീടം നേടിയ ടീമിലും അംഗമായിരുന്നു. 2016ൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചു. കണ്ണൂർ മങ്ങാട്ടുപറമ്പ് കെഎപി ക്യാമ്പിൽ അസി. കമാൻഡന്റായാണ് വിരമിക്കുന്നത്. കൂത്തുപറമ്പ് കേന്ദ്രീകരിച്ച് ഫുട്ബോൾ അക്കാദമി തുടങ്ങാൻ ആലോചനയുണ്ട്.
മറക്കാനാവാത്ത ഗോളുകൾ
മലയാളിക്ക് മറക്കാനാവാത്ത ഗോളുകൾ സമ്മാനിച്ച കളിക്കാരനായിരുന്നു പാപ്പച്ചൻ. ഗോൾവല തുളയ്ക്കുന്ന ഹെഡ്ഡറുകളായിരുന്നു പ്രിയം. അത്തരത്തിലൊന്നായിരുന്നു 1990 തൃശൂർ ഫെഡറേഷൻ കപ്പിൽ സാൽഗോക്കറിനെതിരെ നേടിയത്. തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മധ്യനിരയിൽ നിന്ന് തോബിയാസ് നൽകിയ പന്ത് ഷറഫലി ബോക്സിലേക്ക് ക്രോസ്സ് ചെയ്യുന്നു. മുന്നിലുള്ള പ്രതിരോധക്കാരനെ കബളിപ്പിച്ച് ഓടിക്കൊണ്ടൊരു ഹെഡ്ഡർ. കേരള പോലീസിന് ആദ്യമായി ഫെഡറേഷൻ കപ്പ് .
1991ലെ തിരുവനന്തപുരം നെഹ്റു കപ്പിൽ ഹംഗറിക്കെതിരെ വിജയൻ്റെ പാസിൽ നിന്നും നേടിയ ഗോളിന് രാജ്യാന്തര നിലവാരമുണ്ടായിരുന്നു. മഹാരാഷ്ട്രക്കെതിരായ എറണാകുളം സന്തോഷ് ട്രോഫി (1992-93) ഫൈനലിൽ കേരളത്തിന് കിരീടം ഉറപ്പിച്ച ഗോളും ഗംഭീരം. മധ്യനിരയിൽ നിന്നും പന്തെടുത്ത് രണ്ട് പ്രതിരോധക്കാരേയും ഗോളിയേയും കബളിപ്പിച്ച ഗോൾ.
കോഴിക്കോട്ടെ സേട്ട് നാഗ്ജി ടൂർണമെൻ്റിൽ മഹീന്ദ്രാസിനെതിരെ ഫ്രീകിക്ക് ഗോൾ. ജീവിതത്തിലെ മറക്കാനാവാത്ത ആദ്യ ഗോൾ ഏതെന്ന ചോദ്യത്തിന് കോളേജ് കാലത്തെ ഗോളെന്നാണ് ഉത്തരം. 1983 ലെ അന്തർ സർവകലാശാല ടൂർണമെന്റിൽ അലിഗഢിനെതിരെ കലിക്കറ്റിനായി നേടിയ ഗോൾ. നാല് പ്രതിരോധക്കാരേയും ഗോളിയേയും മറികടന്ന് നേടിയ ഗോളിനെ വിശേഷിപ്പിക്കാൻ അവിശ്വസനീയം എന്ന ഒറ്റ വാക്കേയുള്ളു.